തീരദേശ ഹൈവേ: തൃശ്ശൂരിൽ കല്ലിടൽ ആരംഭിച്ചു
text_fieldsചാവക്കാട്: തീരദേശ പാതക്ക് കല്ലിടൽ ആരംഭിച്ചു. ചാവക്കാട് മേഖലയിലെ കല്ലിടൽ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ജില്ലയിൽ കാപ്പിരിക്കാട് ദേശീയപാതയിൽനിന്നാണ് പടിഞ്ഞാറ് ഭാഗത്തേക്ക് കല്ലിടൽ ആരംഭിച്ചത്. ജില്ല അതിർത്തിയിൽനിന്ന് ആരംഭിച്ച കല്ലിടലിൽ പ്രോജക്ട് എൻജിനീയർ വി. അജിത്ത്, സൈറ്റ് സൂപ്പർവൈസർ ശിവ സാജു എന്നിവരാണ് നേതൃത്വം നൽകുന്നത്. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, തീരദേശ മേഖലയിലെ അംഗങ്ങളായ സജിത ജയൻ, കെ.എച്ച്. ആബിദ്, പി.എസ്. അലി, ഷാനിബ മൊയ്തുണ്ണി, മൂസ ആലത്തയിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലിടൽ നടന്നത്. തൃശൂർ ജില്ല അതിർത്തിയോട് ചേർന്ന മലപ്പുറം ജില്ല അതിർത്തിയിൽ ചില വീടുകൾ പാതക്കായി പൊളിച്ച് ഒഴിവാക്കേണ്ടിവരും. നേരത്തേ പറഞ്ഞ ബീച്ച് റോഡ് ഒഴിവാക്കി അൽപം വടക്ക് ഭാഗത്തുനിന്നാണ് പടിഞ്ഞാറ് ബീച്ചിലേക്ക് റോഡ് പോകുന്നത്. വിവരം നേരത്തേ അറിയിച്ചില്ലെന്നാരോപിച്ച് മൂന്ന് വീട്ടുകാരും പ്രതിഷേധവുമായി നിന്നു.
മേഖലയിലെ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തില്ലാതിരുന്നതിനാൽ ആ ഭാഗത്തെ കല്ലിടൽ ഒഴിവാക്കി തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കുകയായിരുന്നു. വ്യാഴാഴ്ച ഏകദേശം 800 മീറ്ററോളം ദൂരത്താണ് കുറ്റിയടിക്കലും കല്ലിടലും നടന്നത്. പിങ്ക് നിറത്തിലുള്ള കല്ലുകളാണ് 15.60 മീറ്റർ വീതിയിലുള്ള പാതക്കായിടുന്നത്. അണ്ടത്തോട് മന്ദലാംകുന്ന് മേഖലയിൽ ആറ് വീടുകൾ ഭാഗികമായോ പൂർണമായോ പൊളിച്ചാണ് പാത നിർമിക്കുന്നത്.
മൊത്തം 23 കിലോമീറ്ററിലാണ് ജില്ല അതിർത്തി മുതൽ കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് വരെ പാതയുള്ളത്. 15 ദിവസത്തിനുള്ളിൽ കല്ലിടൽ പൂർത്തിയാക്കണമെന്നാണ് അധികൃതരുടെ നിർദേശം. 23 കിലോമീറ്ററിനുള്ളിൽ പെരിയമ്പലം, പഞ്ചവടി, മണത്തല, അഞ്ചങ്ങാടി എന്നിവിടങ്ങളിലായി ആറിടങ്ങളിൽ വിശ്രമ കേന്ദ്രങ്ങൾക്കായി സ്ഥലമെടുക്കും. ഇതുകൂടാതെ എടക്കഴിയൂരിൽ ഒരു വിശ്രമകേന്ദ്രവും വരും. പെരിയമ്പലം ബീച്ചിൽ ഇപ്പോഴത്തെ ബീച്ച് പാർക്കിനു വടക്ക് ഭാഗത്തായി 400 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമാണ് സ്ഥലം അളന്നിട്ടുള്ളത്.
ഈ രീതിയിലാണ് ആറിടത്തും സ്ഥലം അളന്നെടുക്കുന്നത്. ഇവിടെ എന്തുവേണമെന്ന് തീരുമാനിക്കുന്നത് ടൂറിസം വകുപ്പാണ്. ബീച്ച് സൈഡ് ആക്ടിവിറ്റി എന്ന പേരിലാണ് സ്ഥലം അളക്കുന്നത്. ഇവിടെ കഫത്തീരിയ, ശുചിമുറി തുടങ്ങിയവയുണ്ടാകും. കൂടാതെ പെരിയമ്പലത്തിന് തെക്ക് ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ ട്രക്ക് ലേബൈ എന്നപേരിൽ ദീർഘ ദൂര യാത്രക്കാരായ വലിയവാഹനങ്ങൾ നിർത്തിയിട്ട് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി രണ്ട് ലൈനിൽ 15 മീറ്റർ വീതിയും 250 മീറ്റർ നീളവുമാണ് അളന്നെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.