ആവേശമായി തീരദേശ ഹൈവേ
text_fieldsഅഴീക്കോട്: മുനമ്പം പാലത്തിന് അപ്രതീക്ഷിത വഴിത്തിരിവായത് നിർദിഷ്ട വല്ലാർപാടം -കോഴിക്കോട് തീരദേശ ഇടനാഴി പദ്ധതിയാണ്. തീരദേശ ഹൈവേയുടെ ജില്ലയിലെ കരട് ഡി.പി.ആര്‍ നേരത്തേ തയാറായിരുന്നു.
ചാവക്കാട് ബീച്ച് റോഡ്‍, അഞ്ചങ്ങാടി -മൂന്നാംകല്ല് റോഡ്‍, തമ്പാന്‍കടവ് ബീച്ച് റോഡ്‍, സ്നേഹതീരം ബീച്ച് റോഡ്‍, എടവിലങ്ങ് മാരുതിപ്പുറം, എറിയാട് മാര്‍ക്കറ്റ്‍, എറിയാട് പഞ്ചായത്ത് ഓഫിസ്‍, അഴീക്കോട് ഹോട്ടല്‍ മാമൂസ് എന്നിങ്ങനെ എട്ട് ജങ്ഷനുകളിലാണ് ഹൈവേക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുകയെന്ന് കരട് ഡി.പി.ആര്‍ തയാറാക്കിയ ലാര്‍സന്‍ ആന്‍ഡ് ടുബ്രോ (എല്‍ ആന്‍ഡ് ടി) കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.
പദ്ധതിയുടെ സര്‍വേ നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായതിനാല്‍ ജില്ലയിലെ സ്ഥലമെടുപ്പിന് നേതൃത്വം നല്‍കാന്‍ സ്പെഷല്‍ തഹസില്‍ദാരെ നിയമിച്ചു. കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ട ജങ്ഷനുകളിലെ അലൈന്‍മെന്‍റ് സംബന്ധിച്ചാണ് ഇനി ധാരണ വേണ്ടത്. ജില്ലയില്‍ തീരദേശ ഹൈവേ കടന്നുപോകുന്ന ഗുരുവായൂര്‍, മണലൂര്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ അതത് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിക്കുകയും അലൈന്‍മെന്‍റില്‍ അന്തിമ ധാരണ വരുത്തുകയും ചെയ്തു.
നിർദിഷ്ട വല്ലാർപാടം -കോഴിക്കോട് തീരദേശ ഇടനാഴി യാഥാർഥ്യമാകുന്നതോടെ കൊച്ചിയിലേക്കുള്ള യാത്രദൂരവും ഗണ്യമായി കുറയും. വൈപ്പിൻ -പള്ളിപ്പുറം സംസ്ഥാന പാതയിലേക്ക് എത്തുന്ന എളുപ്പവഴിയായി അത് മാറും. വിനോദസഞ്ചാര കേന്ദ്രങ്ങളായ ചെറായി, മുനക്കൽ ബീച്ചുകളെ ബന്ധിപ്പിക്കുന്നതോടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും വഴിതുറക്കും.
വ്യവസായിക മേഖലയുമായി ബന്ധപ്പെട്ട് ചരക്ക് ഗതാഗതത്തിനുകൂടി പ്രാധാന്യം നൽകുന്ന തീരദേശ ഇടനാഴിയുടെ അതിപ്രധാന നിർമിതിയാണ് പാലം. അതുകൊണ്ടുതന്നെയാണ് പതിറ്റാണ്ടുകളായി കാണാത്ത വൻ മുന്നേറ്റം ഇക്കാര്യത്തിൽ പ്രകടമാവുന്നത്. തീരദേശ ഹൈവേക്കുവേണ്ടികൂടി 180 കോടി ചെലവിൽ നിർമിക്കുന്ന പാലത്തിന്‍റെ ടെൻഡർ നടപടികൾ മൂന്നുതവണ നടത്തേണ്ടിവന്നു.
രണ്ടു പ്രാവശ്യം കരാറുകാരായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാത്രമേ എത്തിയുള്ളൂ. മറ്റാരും വരാത്തതിനാൽ കരാർ വേണ്ടെന്ന നിലപാട് എം.എൽ.എ സ്വീകരിച്ചു. മൂന്നാം ടെൻഡറിൽ മൂന്നുപേരാണ് സമർപ്പിച്ചത്.
ഇതിൽ എറണാകുളത്തെ ചെറിയാൻ കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് കരാർ ലഭിച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് നടപടിക്രമങ്ങൾ പൂർത്തിയായത്. 868.60 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിന് മധ്യഭാഗത്ത് 12 മീറ്ററും കരയിൽ ഇരുവശങ്ങളിലും 8.14 മീറ്ററുമാണ് ഉയരം. 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും.
എല്ലാ തടസ്സവും മാറിയെന്ന് കരുതിയിരിക്കുമ്പോഴാണ് പാലം നിർമാണത്തിനെതിരെ ഹൈകോടതിയിൽ ഹരജി എത്തിയിരിക്കുന്നത്. മുനമ്പത്തുനിന്നും ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും വ്യാപാരികളും നൽകിയ ഹരജിയിൽ വാദം തുടരുകയാണ്.
ഹരജിയിന്മേൽ പുറപ്പെടുവിച്ച സ്റ്റേ നീക്കിയിട്ടുണ്ട്. പാലത്തിന്‍റെ ഡിസൈൻ കപ്പൽ ഗതാഗതം സാധ്യമാവാത്ത രൂപത്തിലാണെന്ന വാദമാണ് ഹരജി നൽകിയവരുടെ വാദം. പക്ഷേ, പുതുക്കിയ ഡിസൈൻ അനുസരിച്ച് പാലത്തിന്‍റെ മധ്യഭാഗത്ത് കപ്പൽ ചാലുകൾക്ക് സമാനം 40 മീറ്റർ ഉയരത്തിലാണ് നിർമിക്കുന്നത്.
മുനമ്പത്തുള്ള മത്സ്യബന്ധന ഹാർബർ കൂടാതെ കിഴക്ക് ഭാഗത്ത് ബോട്ടുകൾ നങ്കൂരമിടുന്ന ഭാഗം ഇല്ലാതാവുമെന്ന ആക്ഷേപവും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്. പുതിയ ഡിസൈൻ അനുസരിച്ച് ബോട്ടുകൾക്ക് നങ്കൂരമിടാൻ പ്രയാസം ഉണ്ടാവില്ലെന്നാണ് സാങ്കേതികമായി ഇതിന് നൽകുന്ന മറുപടി. അതേസമയം, കുറച്ചുഭാഗം നഷ്ടമാവാനും ഇടയുണ്ട്.
കാര്യങ്ങൾ ഇങ്ങനെ നീങ്ങുമ്പോൾ ടെൻഡർ നടപടി വേഗത്തിലാക്കി പാലം പണി ഉടൻ തുടങ്ങണമെന്ന ആവശ്യവുമായി കഴിഞ്ഞ ആഗസ്റ്റിൽ സമരസമിതി പുതിയൊരു ഹരജികൂടി നൽകിയിട്ടുണ്ട്. അതേസമയം, പാലം നിർമാണം തുടങ്ങുന്നതോടെ ജങ്കാർ സർവിസ് നിലക്കും.
ഇപ്പുറം അഴീക്കോട് ജങ്കാർ സർവിസിന് അനുകൂലമാണെങ്കിലും അപ്പുറത്ത് സ്ഥലം ലഭിക്കാത്ത സാഹചര്യമാണ്. അപ്പുറം സ്വകാര്യവ്യക്തിയുടെ സ്ഥലം മാത്രമാണ് ഇതിനായി ഉപയോഗിക്കാനാവുക. അതുകൊണ്ടുതന്നെ അത് സാധ്യമല്ലാത്ത സാഹചര്യത്തിൽ ജങ്കാറിന് പകരം ചങ്ങാടം സർവിസ് നടത്തും.
വിദ്യാർഥികൾ, മത്സ്യത്തൊഴിലാളികൾ, രോഗികൾ എന്നിവർക്ക് പ്രയാസം നേരിടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകും. ഇരുചക്ര വാഹനങ്ങൾ, ഓട്ടോ, കാർ അടക്കം ചെറിയ വാഹനങ്ങൾക്ക് യാത്ര ചെയ്യാനാവും. അതേസമയം, വലിയ വാഹനങ്ങൾ ചുറ്റി സഞ്ചരിക്കേണ്ടിവരും. തുടർ നടപടികൾ പൂർത്തിയാക്കി ജനുവരിയിൽ നിർമാണം ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. നിർമാണോദ്ഘാടനത്തിന് മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാനും ശ്രമമുണ്ട്.
കൊച്ചിയുടെ ഉപഗ്രഹ നഗരമായി കൊടുങ്ങല്ലൂരും അഴീക്കോടും പരിണമിക്കുേമ്പാൾ ഒരുകൂട്ടർ ഇവിടെ വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. തീരദേശ ഹൈവേകൂടി വരുന്നതോടെ ഈ ഭാഗത്ത് ഭൂമാഫിയ സജീവമാണ്. പുത്തൻ പണക്കാർ വാങ്ങിക്കൂട്ടിയ സ്ഥലങ്ങളും ഏറെയുണ്ട്.
ഇത് സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് വല്ലാതെ പരിക്കേൽപിക്കും. മുനക്കൽ ബീച്ചിനോട് ചേർന്ന് പുതിയ നിർമാണങ്ങൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ ചെറിയ സ്ഥലത്തെ കുഞ്ഞുവീടുകൾ വാങ്ങിക്കൂട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ബീച്ചിനോട് ചേർന്നുള്ള വീടുകൾക്ക് രൂപപരിണാമം തീർത്ത് വില്ലകൾ ഒരുക്കുന്നവരുടെ കച്ചവടക്കണ്ണുകൾ കാണാതെപോകരുത്. ഇങ്ങനെ വരുമ്പോൾ വേരറുക്കപ്പെടുക കടലിന്‍റെ മക്കളാണെന്ന ഓർമ അധികൃതർക്ക് ഉണ്ടായിരിക്കണം.
അഴീക്കോട്-മുനമ്പം പാലം: സ്ഥലത്തിന്‍റെ രേഖകൾ കൈമാറി
എറിയാട്: അഴീക്കോട് -മുനമ്പം പാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകൾ കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി) കൈമാറി.
അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നഷ്ടപരിഹാരത്തുക 2.32 കോടി കൈമാറിയിരുന്നു. പാലം നിർമാണത്തിന്റെ ടെൻഡർ ഏറ്റെടുത്ത കമ്പനിയുമായുള്ള സർക്കാറിന്റെ കരാർ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സ്ഥലത്തിന്റെ രേഖകൾ സ്ഥല ഉടമയിൽ നിന്ന് ഇ.ടി. ടൈസൺ എം.എൽ.എ ഏറ്റുവാങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രസീന റാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കറുകപ്പാടത്ത്, വത്സമ്മ, പഞ്ചായത്ത് അംഗങ്ങൾ കെ.ആർ.എഫ്.ബി, തുറമുഖ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.