കടലോര പ്രദേശങ്ങളുടെ സംരക്ഷണത്തിന് 'കോസ്റ്റൽ ഷെൽട്ടർ ബെൽറ്റ്' പദ്ധതി
text_fieldsതൃശൂർ: സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന കടലോര പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് തടaയാൻ കോസ്റ്റൽ ഷെൽട്ടർ ബെൽറ്റ് സ്ഥാപിക്കും. നാഷനൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ടിന് കീഴിലാണ് ഷെൽട്ടർ ബെൽറ്റ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ തീരദേശ മേഖലകളിൽ അപകടസാധ്യത കണ്ടുവരുന്ന സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്തുകളെയും തഹസിൽദാർമാരെയും കലക്ടർ എസ്. ഷാനവാസ് ചുമതലപ്പെടുത്തി. സ്ഥലങ്ങൾ കണ്ടെത്താൻ അഡീഷനൽ ഇറിഗേഷൻ, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹായം ലഭിക്കും. ജില്ലയിൽ ചാവക്കാട്, കൊടുങ്ങല്ലൂർ കടലോര പ്രദേശങ്ങളിലായി 10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ചെടികൾ വെച്ചുപിടിപ്പിക്കാനാണ് തീരുമാനം.
സ്ഥലങ്ങളുടെ ലിസ്റ്റ് അടങ്ങിയ റിപ്പോർട്ട് പഞ്ചായത്തുകൾ അടുത്ത ദിവസംതന്നെ ജില്ല പഞ്ചായത്തിൽ എത്തിക്കണമെന്നും കലക്ടർ അറിയിച്ചു. സ്ഥലം, മരങ്ങൾ വെക്കാനുള്ള നിശ്ചിത ദൂരം, വിലാസം എന്നിവ ജി.ഐ.എസ് കോഓഡിനേറ്റർ സഹിതം സമർപ്പിക്കണം. തീരദേശ മേഖലകളിൽ നടാൻ കഴിയുന്ന ഇനം ചെടികൾ, അവയുടെ വിതരണം, ചെലവ് എന്നിവയെക്കുറിച്ച് തീരുമാനിക്കാൻ സാമൂഹിക വനവത്കരണ വകുപ്പ് സഹായിക്കും. മൂന്ന് വർഷത്തേക്കുള്ള പദ്ധതിക്ക് കേന്ദ്ര ധനസഹായം ലഭിക്കും. യോഗത്തിൽ ഡി.ഡി ഫിഷറീസ്, സാമൂഹിക വനവത്കരണ വകുപ്പ് ഉദ്യോഗസ്ഥർ, അഡീഷനൽ ഇറിഗേഷൻ ഓഫിസർ, ജില്ല പഞ്ചായത്ത് ഓഫിസർ, ചാവക്കാട്, കൊടുങ്ങല്ലൂർ തഹസിൽദാർമാർ, തീരദേശ മേഖലകളിലെ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.