കോവിഡിൽ അഭയമറ്റ 50 കുട്ടികൾക്ക് പഠന സഹായം ലഭ്യമാക്കി കലക്ടർ
text_fieldsതൃശൂർ: കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജില്ലയിലെ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉറപ്പാക്കാൻ കലക്ടര്‍ വി.ആര്. കൃഷ്ണ തേജ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ ഇതിനകം പഠന സഹായം ലഭിച്ചത് 50 വിദ്യാര്‍ഥികള്‍ക്ക്. ജില്ലക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠന സഹായം ഒരുക്കി. സഹായ മനസ്കരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ മേയ് 20ന് ആദ്യ വിദ്യാര്‍ഥിക്ക് സഹായം ഉറപ്പാക്കി ആരംഭിച്ച പദ്ധതി ഒന്നര മാസം കൊണ്ടാണ് 50 പേരിലേക്ക് എത്തിയത്. പഠന മികവ് പുലര്‍ത്തുന്നവരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന സൗകര്യം ഉറപ്പാക്കാനുള്ള സഹായമാണ് ലഭ്യമാക്കുന്നത്.
നിലവിലെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ കോഴ്സ്, ഹോസ്റ്റല്‍ ഫീസുകള്‍ ഉള്‍പ്പെടെ സ്പോണ്‍സര്‍മാര്‍ വഴി കലക്ടര്‍ കണ്ടെത്തി നല്കി. ജില്ലയിലെ ശക്തന് തമ്പുരാന് കോളജ്, ചിന്മയ മിഷന് കോളജ്, തൃശൂര്‍ സി.എ ചാപ്റ്റര്‍, കുറ്റൂര്‍ വെസ്റ്റ്ഫോര്‍ട്ട് കോളജ് ഓഫ് നഴ്സിങ്, പാലക്കാട് ജില്ലയിലെ മലമ്പുഴ എസ്.ഐ.എം.ഇ.ടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കലക്ടര്‍ നേരിട്ട് ബന്ധപ്പെട്ട് കോഴ്സ് ഫീസ് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കി നല്കി.
നിലവില്‍ പഠിക്കുന്ന കോഴ്സുകള്‍ക്ക് ആവശ്യമായ ചെലവുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. മികച്ച രീതിയില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന ഉന്നത പഠന സഹായവും ലഭ്യമാക്കും.
എൻജിനീയറിങ്, ചാര്‍ട്ടേഡ് അക്കൗണ്ടൻസി, ബി.എസ്സി നഴ്സിങ്, ബി.എസ്സി കെമിസ്ട്രി, ബി.എ ഇക്കണോമിക്സ്, ബി.എ ഇംഗ്ലീഷ്, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്, ലാബ് ടെക്നീഷ്യന്, ബി.കോം, ആയുര്‍വേദ തെറപ്പി, ഹോട്ടല്‍ മാനേജ്മെന്റ്, അനിമേഷന്‍ തുടങ്ങിയ കോഴ്സുകള്‍ക്ക് പഠിക്കുന്നവർക്കാണ് ഇതിനകം സഹായം ലഭിച്ചത്.
കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവല്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ക്രെഡായ്), സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്, എരിഞ്ഞിപ്പുറത്ത് ഫാമിലി ട്രസ്റ്റ്, ഓള് കേരള കെമിസ്റ്റ് അസോസിയേഷന്, ജില്ല സകാത് കമ്മിറ്റി, വ്യവസായി അബ്ദുല്‍ ലത്തീഫ്, സന്നദ്ധ പ്രവര്‍ത്തകനും റിട്ട. ബാങ്ക് ഉദ്യോഗസ്ഥനുമായ കല്യാണ കൃഷ്ണന് തുടങ്ങിയവര്‍ സ്പോണ്‍സര്‍മാരായി രംഗത്തെത്തി.
കോവിഡ് ബാധിച്ച് മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട 609 കുട്ടികളാണ് ജില്ലയിലുള്ളത്. സ്പോണ്‍സര്‍മാര്‍ കലക്ടറുടെ ചേംബറിലെത്തി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം കൈമാറുകയാണ് രീതി. മുന്‍ഗണന ക്രമത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.