കലക്ടർ 'വടിയെടുത്തു'; റോഡ് പണി തകൃതി
text_fieldsഅന്തിക്കാട്: ജില്ല കലക്ടർ നേരിട്ടെത്തി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകിയതോടെ തകർന്ന് കിടക്കുന്ന പെരിങ്ങോട്ടുകര-അന്തിക്കാട് - കാഞ്ഞാണി റൂട്ടിലെ അറ്റകുറ്റപ്പണികൾക്ക് അതിവേഗത കൈവന്നു.
പൂർണമായും തകർന്ന് യാത്ര ദുസ്സഹയായിത്തീർന്ന അന്തിക്കാട് മുതൽ പെരിങ്ങോട്ടുകര വരെയുള്ള റോഡിലെ റെസ്റ്ററേഷൻ പ്രവൃത്തികൾ വേഗതയിലാണ് പുരോഗമിക്കുന്നത്.
അന്തിക്കാട് മേനോൻ ഷെഡ് മുതൽ പെരിങ്ങോട്ടുകര വരെയുള്ള ദൂരത്തിൽ ഏഴിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുള്ള ഭാഗം ഒരടിയോളം വലിയ മെറ്റലും കല്ലുമിട്ട് ഉയർത്തുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഏതാനും ദിവസം കൂടി മഴ മാറിനിന്നാൽ ടാറിങ് നടത്തി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ തിരക്കിട്ട അറ്റകുറ്റപ്പണികളാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ റോഡിന് പല ഭാഗങ്ങളിലായി നടക്കുന്നത്.
കഴിഞ്ഞ ദിവസം വരെയും ഇതായിരുന്നില്ല സ്ഥിതി. രണ്ടോ മൂന്നോ ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കണ്ണിൽ പൊടിയിടുന്ന കുഴിയടയ്ക്കൽ മാത്രമാണ് നടന്നിരുന്നത്.
കഴിഞ്ഞ ദിവസം ജില്ല കലക്ടർ ഹരിത വി. കുമാർ നടത്തിയ മിന്നൽ സന്ദർശനത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെ കുറ്റകരമായ അനാസ്ഥ നേരിട്ടു ബോധ്യപ്പെട്ടിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് കലക്ടർ പരസ്യമായി പറയുകയും വിവരം സംസ്ഥാന സർക്കാറിലേക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെയാണ് റോഡിലെ കുരുക്കുകൾ ഓരോന്നായി അഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.