പൊളിച്ചിട്ട അന്തിക്കാട്-പെരിങ്ങോട്ടുകര റോഡ് ടാർ ചെയ്യാൻ കലക്ടറുടെ അന്ത്യശാസനം
text_fieldsഅന്തിക്കാട്: ഗുരുവായൂർ അമൃതം കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ വെട്ടിപ്പൊളിച്ച് രണ്ട് വർഷത്തോളമായി തകർന്ന് കിടക്കുന്ന അന്തിക്കാട്-പെരിങ്ങോട്ടുകര റോഡ് പൈപ്പിട്ട് കഴിഞ്ഞാലും ഇല്ലെങ്കിലും ഏപ്രിൽ 30നകം ടാർ ചെയ്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ വാട്ടർ അതോറിറ്റിക്ക് കലക്ടറുടെ നിർദേശം. സി.പി.എം അന്തിക്കാട് ഈസ്റ്റ്, വെസ്റ്റ് ലോക്കൽ സെക്രട്ടറിമാരായ എ.വി. ശ്രീവത്സൻ, സന്ദീപ് പൈനൂർ എന്നിവരുടെ നേതൃത്വത്തിൽ നേരിൽ കണ്ട് നിവേദനം നൽകിയതിനെ തുടർന്നാണ് കലക്ടറുടെ ഇടപെടൽ.
നിവേദക സംഘത്തിന്‍റെ സാന്നിധ്യത്തിൽ ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കലക്ടർ സംസാരിച്ചാണ് നിർദേശം നൽകിയത്. ഇതേതുടർന്ന് വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സി.സി. മുകുന്ദൻ എം.എൽ.എയുടെ ഓഫിസിലെത്തി അദ്ദേഹവുമായി ചർച്ച നടത്തി. തുടർന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്‍റ് ടി.ബി. മായ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി രാമൻ, എ.വി. ശ്രീവത്സൻ, സുജിത്ത് അന്തിക്കാട്, കെ.വി. രാജേഷ് എന്നിവരുടെ സാന്നിധ്യത്തിൽ പെരിങ്ങോട്ടുകര ഗോകുലം സ്കൂൾ മുതൽ അന്തിക്കാട് വരെ റോഡിന്‍റെ അവസ്ഥ വിലയിരുത്തി.
അന്തിക്കാട് പഞ്ചായത്തുമായി ബന്ധപ്പെട്ട പ്രധാന പാതയിലെ അഞ്ച് കൾവർട്ടുകൾ തകർന്ന് കിടക്കുകയാണ്. ഇവ പുതുക്കിപ്പണിയണമെന്ന് നിവേദക സംഘം കലക്ടറോട് ആവശ്യപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ കൾവർട്ടുകൾ സന്ദർശിച്ചു. 30നകം റോഡ് ടാർ ചെയ്ത ശേഷം 34 കോടി രൂപ ചെലവഴിച്ച് നടക്കുന്ന അന്തിക്കാട് - പെരിങ്ങോട്ടുകര റോഡ് വികസന പദ്ധതിയിൽ അഞ്ച് കൾവർട്ടും പുതുക്കി പണിയാനുള്ള ശ്രമം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് തകർന്ന് കിടക്കുന്നതിനാൽ ചൂടിൽ പൊടിശല്യവും മഴയിൽ ചളിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.