വരുന്നു, പുതിയ 599 റേഷൻ കടകൾ കൂടി
text_fieldsതൃശൂർ: പൊതുവിതരണം കൂടുതൽ ജനകീയമാക്കാൻ സംസ്ഥാനത്ത് പുതുതായി 599 റേഷൻ കടകൾ കൂടി വരുന്നു. കേരളപ്പിറവി ദിനത്തിന് മുേമ്പ ഇവയുടെ പ്രവർത്തനം തുടങ്ങാൻ നടപടി ക്രമങ്ങൾക്ക് പൊതു വിതരണ വകുപ്പ് തുടക്കം കുറിച്ചു. രണ്ടു കിലോമീറ്റർ ചുറ്റവളവിൽ പൊതുവിതരണ കേന്ദ്രം വേണമെന്ന നിലപാടിൽ ആദിവാസി മേഖലകളിലും ഗ്രാമീണതലത്തിൽ പ്രാമുഖ്യം നൽകിയും കടകൾ തുടങ്ങാനാണ് തീരുമാനം. ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്ത 355 കടകളും തുറക്കാൻ നീക്കമുണ്ട്. നിലവിൽ അവ തൊട്ടടുത്ത കടകളുമായി കൂട്ടിച്ചേർത്താണ് പ്രവർത്തിക്കുന്നത്. കൂട്ടിച്ചേർത്ത കടകളിലെത്താൻ കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന കണ്ടെത്തലിലാണ് സസ്പെൻഡ് ചെയ്ത കടകളെ സ്വതന്ത്രമാക്കാൻ നീക്കം നടത്തുന്നത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞവ നേരത്തെ ഉണ്ടായിരുന്ന റേഷൻ വ്യാപാരികൾക്ക് വ്യവസ്ഥകളോടെ നൽകാനാണ് ലക്ഷ്യമിടുന്നത്. വീണ്ടും നടത്താൻ ഇവർ വിമുഖത കാണിച്ചാൽ മറ്റുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് പ്രവർത്തിപ്പിക്കും.
നിലവിൽ 14,238 റേഷൻ കടകളാണ് കേരളത്തിലുള്ളത്. പുതിയ 599 എണ്ണവും സസ്പെൻഡ് ചെയ്ത് കൂട്ടിച്ചേർത്ത 355ഉം വരുന്നതോടെ മൊത്തം 15,192 ആകും. പുതിയ കടകൾ പൂർണമായി സംവരണ മാനദണ്ഡം അനുസരിച്ച് വിതരണം നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വനിതകൾക്ക് 25 ശതമാനവും എസ്.സി വിഭാഗത്തിന് രണ്ടും എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് എട്ടും ഭിന്നശേഷിക്കാർക്ക് അഞ്ചും ശതമാനമാണ് സംവരണം. വനിതകളിൽ കുടുംബശ്രീ ഉൾപ്പെടെ സംഘങ്ങളെ കൂടി പരിഗണിക്കുന്നുണ്ട്. അതേസമയം, പൊതുമേഖലയിൽ റേഷൻകടകൾ അനുവദിക്കുന്നതിൽനിന്ന് റേഷൻ വ്യാപാരി സംഘടനകളുടെ പ്രതിഷേധം ഭയന്ന് പിന്മാറിയിട്ടുണ്ട്. കോവിഡ് അതിജീവന കിറ്റ് വിതരണത്തിൽ കട ഉടമകൾക്ക് നൽകാനുള്ള കമീഷെൻറ കാര്യത്തിൽ ബന്ധം വഷളായ സാഹചര്യത്തിലാണ് കൂടുതൽ പിണക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.