സഹകരണ ബാങ്ക് തട്ടിപ്പുകളിലെ അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ സി.പി.എം പരിഗണനക്ക്
text_fieldsതൃശൂർ: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം ശനിയാഴ്ച ചേരും. പതിവ് യോഗം മാത്രമാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിട്ടും ഇതുവരെ പരിഗണിക്കാതെ മാറ്റുകയും കഴിഞ്ഞദിവസം വായ്പ തട്ടിപ്പ് നടത്തിയെന്ന് വാർത്തസമ്മേളനം നടത്തി പാർട്ടിയെ പ്രതിക്കൂട്ടിലാക്കുകയും ചെയ്ത കുട്ടനെല്ലൂർ സഹകരണ ബാങ്ക് ക്രമക്കേട് അടക്കമുള്ള അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ പരിഗണനയിലുണ്ട്. സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ, ജില്ല സെക്രട്ടേറിയറ്റ് അംഗവും പാർട്ടിയുടെ സഹകരണ ചുമതലയുള്ളയാളുമായ പി.കെ. ചന്ദ്രശേഖരൻ എന്നിവരാണ് കുട്ടനെല്ലൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടത്തിയത്.
ബാങ്കിന്റെ ചുമതലയുണ്ടായിരുന്ന ജില്ല കമ്മിറ്റി അംഗം, ബാങ്ക് പ്രസിഡന്റ് കൂടിയായ ഡി.വൈ.എഫ്.ഐ നേതാവ് എന്നിവർക്കെതിരെ കർശന നടപടി കമീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്. മൂന്നുമാസം മുമ്പ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ചർച്ചക്കെടുത്തിരുന്നില്ല. ഇതിന് മുമ്പ് മൂസ്പെറ്റ്, മണലൂർ, നാട്ടിക എന്നിവിടങ്ങളിലെ കമീഷൻ റിപ്പോർട്ടുകളും സമാനമായി പരിഗണിച്ചിട്ടില്ല.
പരിധിയിലില്ലാത്ത സ്ഥലം പണയപ്പെടുത്തിയും അമിതവില കാണിച്ചും 32 കോടിയിലേറെ തട്ടിയെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. സഹകരണ വകുപ്പ്, ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയെങ്കിലും നടപടിക്രമം പാലിച്ചല്ല പിരിച്ചുവിട്ടതെന്ന വാദം അംഗീകരിച്ച് കഴിഞ്ഞയാഴ്ച നിലവിലെ ഭരണസമിതിക്ക് തന്നെ ഹൈകോടതി അധികാരം കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് രായിരത്ത് സുധാകരൻ എന്ന വായ്പക്കാരൻ തന്റെ വസ്തുവിൽ വ്യാജ പേരുകളുണ്ടാക്കി ബാങ്ക് ഒരു കോടിയിലധികം കൈമാറിയെന്ന ഗുരുതര പരാതിയുമായി മാധ്യമങ്ങളെ കണ്ടത്.
സി.പി.എം ജില്ല സെക്രട്ടറി ഓഫിസിലേക്ക് വിളിച്ച് ഒത്തുതീർപ്പ് ചർച്ച നടത്തിയെന്ന ആരോപണമടക്കം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ശനിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റിൽ കമീഷൻ റിപ്പോർട്ട് പരിഗണിക്കുന്നത്. ഇതോടൊപ്പം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിലും നേതാക്കൾക്കെതിരായ ആരോപണത്തിലും അന്വേഷണവും നടപടിയും വേണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. കരുവന്നൂരിലെ രക്ഷാപാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണനക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.