സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബസിൽനിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്
text_fieldsകേച്ചേരി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പാറന്നൂർ വട്ടം പറമ്പിൽ വീട്ടിൽ ഷാജുവിന്റെ മകൻ അഭിനവിനാണ് (14) പരിക്കേറ്റത്.
കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പാറന്നൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു സംഭവം. കേച്ചേരിയിലെ ട്യൂഷൻ സെന്‍ററിലേക്ക് പോകാൻ ജയ് ഗുരു ബസിൽ കയറുമ്പോഴായിരുന്നു അപകടം.
ആളുകൾ കയറുംമുമ്പെ ബസ് എടുത്തതാണ് വിദ്യാർഥി വീഴാൻ കാരണമായതെന്ന് പറയുന്നു. അപകടത്തെത്തുടർന്ന് ബസ് നിർത്താതെ പോയി. വീഴ്ചയിൽ അഭിനവിന്റെ കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകി.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ മേഖലയിൽ അപകടങ്ങൾ വർധിക്കുന്നതായി പരാതിയുണ്ട്. രണ്ടാഴ്ച മുമ്പ് മുതുവറ സെന്‍ററിലും സ്വകാര്യ ബസിൽ നിന്ന് വീണ് പുറനാട്ടുകര സ്കൂളിലെ വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു.
തൃശൂർ - കുന്നംകുളം റോഡിൽ ബസുകളുടെ മത്സരയോട്ടം മൂലം പല ബസ് സ്റ്റോപ്പുകളിലും വിദ്യാർഥികളെ കയറ്റുന്നില്ലെന്നും ആക്ഷേപമുണ്ട്. പാറന്നൂർ, തൂവാന്നൂർ, എരനെല്ലൂർ, ചൂണ്ടൽ വില്ലേജ് ഓഫിസ് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് വിദ്യാർഥികളെ ബസിൽ കയറ്റാത്തത്. പലപ്പോഴും പാറന്നൂരിൽ ബസ് നിർത്താതെ കേച്ചേരിയിൽ വിദ്യാർഥികളെ ഇറക്കി വിടുന്നതായും രക്ഷിതാക്കൾ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.