ബസ് ചാർജിൽ 62 ശതമാനം വർധന; കലക്ടർക്ക് പരാതി
text_fieldsതൃശൂർ: പുതുക്കിയ ബസ് ചാർജ് പ്രാബല്യത്തിൽ വന്നപ്പോൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്തിരുന്ന നഗരത്തിൽനിന്ന് ജില്ല ആസ്ഥാനമായ കലക്ടറേറ്റിലെത്താൻ കൊടുക്കേണ്ടത് 13 രൂപ. 62 ശതമാനം വർധനയാണ് ഈടാക്കുന്നതെന്നു കാണിച്ച് ജില്ല ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർക്ക് പരാതി നൽകി.
ബസ് ചാർജ് വർധനക്കുമുമ്പ് തൃശൂർ ടൗണിൽനിന്ന് കലക്ടറേറ്റിലേക്ക് എട്ടു രൂപയായിരുന്നു നിരക്ക്. നിരക്കുവർധന പ്രാബല്യത്തിൽവന്ന ഈ മാസം ഒന്നു മുതൽ അഞ്ചു രൂപ (62 ശതമാനം) കൂടി കൂട്ടി 13 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്.
എട്ടു രൂപ മിനിമം ചാർജ് വാങ്ങിയിരുന്നത് 10 രൂപ ആക്കുന്നതിന് മാത്രമേ സർക്കാർ അനുമതി നൽകിയിട്ടുള്ളൂ. എന്നാൽ, ജില്ല ഭരണകേന്ദ്രത്തിലേക്ക് ഏകപക്ഷീയമായി ബസ് ഉടമകൾ 62 ശതമാനം ചാർജ് വർധിപ്പിച്ചിരിക്കയാണെന്ന് ജെയിംസ് മുട്ടിക്കൽ പറഞ്ഞു.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ രണ്ടര കിലോമീറ്ററാണ് നിശ്ചിത ദൂരം. പടിഞ്ഞാറേ കോട്ടയിൽനിന്ന് രണ്ടു കിലോമീറ്റർ മാത്രം ദൂരെയുള്ള അയ്യന്തോൾ കലക്ടറേറ്റിലേക്ക് വാങ്ങുന്നതും 13 രൂപയാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.