പരാതി പ്രവാഹം: സ്വരാജ് റൗണ്ടിലെ സിഗ്നലുകൾ പ്രവർത്തനം നിർത്തി
text_fieldsതൃശൂർ: പരാതികൾക്കും വിവാദങ്ങൾക്കുമിടെ സ്വരാജ് റൗണ്ടിലെ സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം നിർത്തി. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനത്തിനെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. പോരായ്മകൾ പരിഹരിച്ച് സീബ്രാലൈനുകൾ മാറ്റിവരച്ച ശേഷമായിരിക്കും ഇവ ഇനി പ്രവർത്തിപ്പിക്കുക. കുറുപ്പം റോഡ്, ബിനി, ജനറൽ ആശുപത്രി ജങ്ഷനുകളിലാണ് സിഗ്നലുകൾ സ്ഥാപിച്ചിരുന്നത്. അപകടങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടി വിമർശനങ്ങളും നിർദേശങ്ങളും ഉയർന്നിരുന്നു. സിഗ്നലുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള നീക്കം സംബന്ധിച്ചും വിവാദമുയർന്നു. അപ്രതീക്ഷിതമായി പ്രവർത്തിപ്പിച്ചപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് അപകടങ്ങൾക്കിടയാക്കിയതെന്നാണ് പൊലീസ് വിലയിരുത്തൽ.
സ്വരാജ് റൗണ്ടിൽ റോഡ് മുറിച്ചുകടക്കാൻ രണ്ടിടങ്ങളിൽ അടിപ്പാത ഉണ്ടെങ്കിലും മറ്റിടങ്ങളിൽ കാൽനടക്കാർക്ക് സൗകര്യമില്ല. കുറുപ്പം റോഡിലും നടുവിലാൽ ജങ്ഷനിലും ജനറൽ ആശുപത്രിക്ക് മുൻവശവും വാഹനങ്ങൾക്കിടയിലൂടെ അപകടകരമായാണ് പാത മുറിച്ച് കടക്കുന്നത്. റോഡ് മുറിച്ചുകടക്കാനുള്ള അസൗകര്യം പരിഗണിച്ചാണ് സിഗ്നൽ സ്ഥാപിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ ചർച്ച ചെയ്തശേഷം വൈകാതെ സംവിധാനം പുനഃസ്ഥാപിക്കും. ചെറുവാഹനങ്ങൾക്ക് പ്രത്യേക ട്രാക്ക് ഉൾപ്പെടെയുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.