കവർച്ച സംഘം മലയാളി യുവാവിനെ ബംഗാളിൽ ബന്ദിയാക്കിയതായി പരാതി
text_fieldsഎരുമപ്പെട്ടി: മലയാളി യുവാവിനെ ബംഗാളിൽ കവർച്ച സംഘം ബന്ദിയാക്കിയതായി പരാതി. എരുമപ്പെട്ടി ഗവ. ഐ.ടി.സിക്ക് സമീപം താമസിക്കുന്ന തളികപറമ്പിൽ വീട്ടിൽ ഹാരിസിനെയാണ് (33) ഈസ്റ്റ് ബംഗാളിലെ അഞ്ജാത കേന്ദ്രത്തിൽ ബന്ദിയാക്കിയിരിക്കുന്നതെന്ന് കാണിച്ച് മാതാവ് ആസിയ എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയത്.
10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കവർച്ച സംഘം യുവാവിന്റെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടതായും പരാതിയിൽ പറയുന്നു. ഹാരിസിന്റെ ഫോണിൽനിന്നാണ് കവർച്ച സംഘം ബന്ധുക്കളെ വിളിക്കുന്നത്. കർണാടകയിലെ ബെല്ലാരിയിലെ ഹോസ്പേട്ട കമലാപുരം എന്ന സ്ഥലത്ത് ഹാരിസ് സ്ഥാപനം നടത്തി വരുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് കർണാടക സ്വദേശിയായ മുബാറക്കുമായി ജോലി സംബന്ധമായ ആവശ്യത്തിന് ബംഗാളിൽ പോവുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കവർച്ച സംഘം തന്നെ ബന്ദിയാക്കിയതായി ഹാരിസ് അറിയിച്ചത്. സ്ഥാപനത്തിലെ ജോലിക്ക് ബംഗാളിൽ നിന്ന് തൊഴിലാളികളെ കൊണ്ട് വരാനായിരുന്നു അവിടെ പോയതെന്നും തൊഴിലാളികളെ എത്തിച്ച് തരാമെന്ന് ഏറ്റ സംഘം അജ്ഞാത താവളത്തിൽ എത്തിച്ച് രണ്ട് പേരേയും ബന്ദിയാക്കുകയായിരുന്നുവെന്നും തുക കൊടുത്തില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹാരിസ് ബന്ധുക്കളോട് പറഞ്ഞതായി പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് എരുമപ്പെട്ടി പോലീസ് വിവരം ബംഗാളിലെ മാൾഡ ജില്ല എസ്.പിക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.