പട്ടികജാതി-വർഗ വിഭാഗത്തിനുള്ള പെട്രോൾ പമ്പുകൾ ബിനാമികൾ കൈയടക്കിയെന്ന് പരാതി
text_fieldsതൃശൂർ: സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി അനുവദിച്ച പെട്രോൾ പമ്പുകളിൽ പാതിയും ബിനാമി ഭരണമെന്ന് ആരോപണം. 2008ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 25 ശതമാനം സാമ്പത്തിക ഓഹരി പങ്കാളിത്ത പുനഃസംഘടന നിർദേശം മറയാക്കിയാണ് പട്ടികജാതി-പട്ടിക വർഗ ഇതര വിഭാഗങ്ങൾ പെട്രോൾ പമ്പുകൾ കൈയടക്കിയതെന്ന് കേരള സ്റ്റേറ്റ് എസ്.സി, എസ്.ടി പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സി.കെ. മോഹിനി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് നടപടി ആവശ്യപ്പെട്ട് ദേശീയ പട്ടിക ജാതി കമീഷന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ 15 ദിവസത്തിനകം എടുത്ത നടപടി ഉൾപ്പെടെ വിശദാംശം നൽകാനാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയ സെക്രട്ടറിക്ക് കത്ത് നൽകി.
സംസ്ഥാനത്ത് പൊതുമേഖലയിലെ മൂന്ന് ഓയിൽ കമ്പനികളുടേത് ഉൾപ്പെടെ 400 ഓളം പെട്രോൾ പമ്പുകളാണ് പട്ടികജാതി-പട്ടിക വർഗത്തിനായി അനുവദിച്ചത്. 2008ൽ പുനഃസംഘടനയുടെ ഭാഗമായി സ്വന്തമായി പെട്രോൾ പമ്പ് നടത്താൻ സാമ്പത്തികാവസ്ഥ ഇല്ലാത്തവർക്ക് ഡീലർഷിപ്പിന്‍റെ 25 ശതമാനം ഓഹരി പട്ടികജാതി ഇതര വിഭാഗത്തിന് നൽകാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥയുടെ ഭാഗമായി ധാരാളം പേർ ഈ ഓഹരി പങ്കാളിത്തത്തിനെത്തുകയും ക്രമേണ നടത്തിപ്പ് സ്വന്തമാക്കുകയും ദലിത് ജനത പുറത്തുപോകുകയും ചെയ്തു.ഉദ്യോഗസ്ഥരുടെ വ്യക്തമായ അറിവോടെയാണ് ഇതെന്നും മോഹിനി പറയുന്നു. ഇപ്പോഴും ഓയിൽ കമ്പനികളിൽ 25 ശതമാനം പങ്കാളിത്തത്തിന് വേണ്ടിയുള്ള നിരവധി അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്. സംസ്ഥാന പട്ടികജാതി വികസന വകുപ്പിനും 2012 മുതൽ നിരവധി പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.