സമ്പൂര്‍ണ ഫാസ്ടാഗ് സംവിധാനം നിലവില്‍വന്നു; ടോൾ പ്ലാസ കുരുക്കിൽ
text_fieldsആമ്പല്ലൂർ: സമ്പൂര്‍ണ ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനക്കുരുക്ക് രൂക്ഷം. ഫാസ്ടാഗിലേക്ക് മാറാത്ത വാഹനങ്ങള്‍ക്കുള്ള ട്രാക്കിലാണ് നീണ്ട നിര രൂപപ്പെടുന്നത്. ഏറെ നേരം വരിയില്‍ കിടന്നാണ് വാഹനങ്ങള്‍ ടോള്‍പ്ലാസ മറികടക്കുന്നത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുകയാണ് ടോള്‍ വാങ്ങുന്നത്. ഇത് ടോള്ജീവനക്കാരും വാഹന ഉടമകളും തമ്മില്‍ വാക്കുതര്‍ക്കത്തിന് ഇടയാക്കുന്നുണ്ട്.
ഇരുവശത്തുമായി 12 ട്രാക്കുകളാണ് ഉള്ളത്. ഇതില്‍ ഓരോ ട്രാക്കുവീതമാണ് ടാഗില്ലാതെ വരുന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ഇരുവശത്തുമായി സജ്ജീകരിച്ചിട്ടുള്ളത്. ഫാസ്ടാഗില്ലാതെ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. ഓരോ വാഹനവും ടോള്‍ ബൂത്തില്‍ പണം അടക്കുന്ന സമയമത്രയും പിന്നില്‍ വരുന്ന വാഹനങ്ങള്‍ വരി കിടക്കേണ്ടി വരുകയാണ്. ടോള്‍ ആവശ്യമില്ലാത്ത ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മണിക്കൂറുകളോളം കുരുക്കില്‍ അകപ്പെടുന്ന അവസ്ഥയാണ് നിലവില്‍.
ടോള്‍പ്ലാസക്ക് സമീപം ഒട്ടുമിക്ക ബാങ്കുകളും ഫാസ്ടാഗ് കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് പിഴയടച്ച് ഉടന്‍ തന്നെ ഫാസ്ടാഗിലേക്ക് മാറാന്‍ സാധിക്കും. നിലവില്‍ പ്രാദേശിക സൗജന്യ പാസ് ഉപയോഗിക്കുന്ന 44, 000 വാഹനങ്ങളില്‍ 12,000ഓളം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗിലേക്ക് മാറിയിട്ടുള്ളൂവെന്നാണ് ടോള്‍പ്ലാസ അധികൃതര്‍ വ്യക്തമാക്കുന്നത്. ദിനേന 5000 പ്രാദേശിക വാഹനങ്ങളാണ് ടോള്‍പ്ലാസയിലൂടെ സൗജന്യ യാത്ര നടത്തുന്നത്. ഇപ്പോള്‍ പാലിയേക്കരയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ 65 ശതമാനത്തിലേറെ വാഹനങ്ങള്‍ ഫാസ്ടാഗിലേക്ക് മാറിയിട്ടുണ്ട്. ഫാസ്ടാഗ് ട്രാക്കുകളില്‍ താരതമ്യേന തിരക്ക് കുറവാണ്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് പാലിയേക്കര ടോള്‍പ്ലാസയില്‍ സമ്പൂര്‍ണ ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.