സമ്പൂർണ ഡിജിറ്റലൈസേഷൻ; പക്ഷേ, കമ്പ്യൂട്ടർ ഇല്ല !
text_fieldsതൃശൂര്‍: സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനങ്ങൾ ആവർത്തിക്കുമ്പോഴും ജില്ലയിലെ മിക്ക വില്ലേജ് ഓഫിസുകളിലും കമ്പ്യൂട്ടറുകൾ തകരാറിൽ. കമ്പ്യൂട്ടറും ലാപ്ടോപും തകരാറിലായതിനാൽ 38 വില്ലേജുകളില്‍ സര്‍ട്ടിഫിക്കറ്റ് സേവനം തടസ്സപ്പെട്ടിരിക്കുകയാണ്. ബാക്കി വില്ലേജ് ഓഫിസുകളിൽ ലാപ്ടോപ് പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് ഗുസ്തി നടത്തണമെന്നാണ് ജീവനക്കാർ പറയുന്നത്.
തട്ടലും മുട്ടലും ഒക്കെ കഴിഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങിയാൽതന്നെ പകുതി സ്ക്രീൻ അടക്കം വിവിധ പ്രശ്നങ്ങളാൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. കുന്നംകുളം താലൂക്കിലെ ഇയ്യാല്‍, വെള്ളാറ്റന്നൂര്‍, പഴഞ്ഞി, കടങ്ങോട്, ചെമ്മത്തിട്ട, തലപ്പിള്ളിയിലെ എളനാട്, എങ്കക്കാട്, ആറങ്ങോട്ടുകര, കൊണ്ടാഴി, ചേലക്കര, തൃശൂരിലെ ചൊവ്വൂര്‍, പേരാമംഗലം, പുത്തൂര്‍, കൊഴുക്കുള്ളി, ചാഴൂര്‍, കൂറ്റൂര് -പോട്ടോര്‍, മുകുന്ദപുരത്തെ പൊറത്തിശ്ശേരി, മനവലശ്ശേരി, പുത്തന്‍ചിറ, ആമ്പല്ലൂര്‍, കല്ലൂർ, പറപ്പൂക്കര, നെന്മണിക്കര, പടിയൂര്‍, കൊടുങ്ങല്ലൂരിലെ പൊയ്യ, ലോകമലേശ്വരം, എടവിലങ്ങ്, കൂളിമുട്ടം, ചാവക്കാട്ടെ തൈക്കാട്, പുന്നയൂര്‍ക്കുളം, എടക്കഴിയൂര്‍, വടക്കേക്കാട്, ചാലക്കുടിയിലെ ആലത്തൂര്‍, വടമ, താഴേക്കാട്, മറ്റത്തൂര്‍, അതിരപ്പിള്ളി, കൊടകര എന്നീ വില്ലേജുകളിലാണ് ലാപ്ടോപ് തകരാർ മൂലം സര്‍ട്ടിഫിക്കറ്റ് സേവനം പൂർണമായി തടസ്സപ്പെട്ടത്.
സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ക്കായി 2013ലാണ് ലാപ്ടോപ് അനുവദിച്ചത്. അതിനു പിന്നാലെ വിവിധ സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റി. സര്‍ട്ടിഫിക്കറ്റ് വിതരണം, നികുതി സ്വീകരിക്കല്‍, തണ്ടപ്പേര് അക്കൗണ്ട് അനുവദിക്കല്‍, കെട്ടിട നികുതി നിർണയം, റവന്യൂ റിക്കവറി എന്നിങ്ങനെയുള്ള ജോലികള്‍ വില്ലേജ് ഓഫിസുകളില്‍ ഓണ്‍ലൈനായാണ് നിർവഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായം, കോവിഡ് ധനസഹായം, കാന്‍സര്‍ പെന്ഷന്, വോട്ടർപട്ടികയിൽ പേരുചേർക്കൽ, ഭൂമി തരംമാറ്റം എന്നീ അപേക്ഷകളിൽ റിപ്പോർട്ട് നൽകുന്നതും ഓൺലൈനായാണ്.
പിന്നാലെ ഒരു ലാപ്ടോപ് കൂടി നൽകിയെങ്കിലും അത് ഉപയോഗിക്കാനായില്ല. സർക്കാർ സോഫ്റ്റ് വെയറിന് അനുയോജ്യമായ ലാപ്ടോപ് അല്ലാത്തതിനാൽ അവ ഓഫിസുകളിൽ വെറുതെ കിടക്കുകയാണ്. ഇതിനൊപ്പം ഓരോ ഡെസ്ക്ടോപ്പുകൾ അനുവദിച്ചെങ്കിലും കാലപ്പഴക്കത്താൽ അവയും പണിമുടക്ക് തുടരുകയാണ്. വകുപ്പിന് കീഴിലുള്ള ലാൻഡ് റവന്യൂ കമീഷണറേറ്റിലെ ഐ.ടി വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നത്. തിരുവനന്തപുരത്തെ കാര്യാലയത്തിലേക്ക് ജീവനക്കാരുടെ ഡിജിറ്റൽ ഉപകരണ ആവശ്യ നിവേദനങ്ങൾ എത്തുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. പലകുറി കലക്ടർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടാവുന്നില്ല.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് നിലവിലുള്ള കമ്പ്യൂട്ടര്‍ സംവിധാനം പര്യാപ്തമല്ലാത്തതിനാൽ എല്ലാ വില്ലേജ് ഓഫിസുകളിലേക്കും മൂന്ന് കമ്പ്യൂട്ടറുകളും ഒരു മള്‍ട്ടി പ്രിന്ററും ഇൻവെർട്ടറും അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.