പെരുംതോട് പ്രദേശം ഉപ്പുവെള്ള ഭീഷണിയിലേക്കെന്ന് ആശങ്ക
text_fieldsമതിലകം കളരിപറമ്പിൽ പായൽമൂടിയ പെരുംതോട്
മതിലകം: പെരിഞ്ഞനം പഞ്ചായത്തിലെ തോണിക്കുളം മുതൽ എറിയാട് വരെ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കയ്പമംഗലം പ്രധാന ജലസ്രോതസ്സായ പെരുംതോട് പ്രദേശം ഉപ്പുവെള്ള ഭീഷണിയിലേക്ക് നീങ്ങുന്നതായി ആശങ്ക. ഇതിനെതിരായ അടിയന്തര നടപടിയും പെരുംതോട് ജനോപകരപ്രദമായ രീതിയിൽ സംരക്ഷിക്കണമെന്ന ആവശ്യവും ഉന്നയിച്ച് കളരിപറമ്പ് കേന്ദ്രമായ കർഷക കൂട്ടായ്മ മുന്നോട്ടുവന്നിരിക്കുകയാണ്.
തീരദേശത്തെ ഏറ്റവും വലിയ ജലസംഭരണിയാണ് പെരുംതോട്. ജലാശയത്തിൽനിന്ന് പടിഞ്ഞാറ് അറബിക്കടലിലേക്കും കിഴക്ക് കനോലി കനാലിലേക്കും ഏകദേശം രണ്ട് കിലോ മീറ്റർ മാത്രമാണ് ദൂരമുള്ളത്. ചില സ്ഥലങ്ങളിൽ കടലിന് സമീപത്തുകൂടി തന്നെയാണ് പെരുംതോട് ഒഴുകുന്നത്. കടലിൽനിന്നും കനോലി കനാലിൽനിന്നും ഉപ്പുവെള്ളം തീരദേശത്തിലെ ശുദ്ധജലത്തിലേക്ക് അനുദിനം കൂടുതലായി കലർന്നുകൊണ്ടിരിക്കുന്നുവെന്നാണ് ജിയോളജി സർവേ വ്യക്തമാക്കുന്നത്.
കൂടാതെ ഈ മേഖലയിൽ ഭൂഗർഭ ജലത്തിന്റെ അളവ് വളരെയധികം കുറഞ്ഞു കൊണ്ടിരിക്കുന്നതായും സർവേ റിപ്പോർട്ട് ചെയ്യുന്നതായും കർഷക കൂട്ടായ്മ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പെരുംതോട് ആഴം വർധിപ്പിച്ച് ശുദ്ധജലം പരമാവധി സംഭരിച്ച് കനോലി കനാലിൽനിന്നും കടലിൽനിന്നുമുള്ള ഉപ്പുവെള്ള കയറ്റത്തെ അടിയന്തരമായി പ്രതിരോധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഭൂഗർഭജനത്തിൽ ഉപ്പിന്റെ അംശം കൂടുതലായി വരുന്ന കാലം വിദൂരമല്ലെന്നും കർഷക കൂട്ടായ്മ അധികാരികൾ മുമ്പാകെ സമർപ്പിക്കുന്ന പൊതുതാൽപര്യ നിവേദനത്തിൽ പറയുന്നു.
2017 മുതൽ പെരുംതോടിന്റെ വികസന പദ്ധതികളുടെ പേരിൽ സർക്കാറും പഞ്ചായത്തുകളും കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും പെരുംതോടിനോ കർഷകർക്കോ ഗുണകരമായിട്ടില്ല. പെരുംതോട് സംരക്ഷണത്തിന്റെ ഭാഗമായി കയർ ഭൂവസ്ത്രം പദ്ധതി രണ്ട് പ്രാവശ്യം നടന്നെങ്കിലും ആഴ്ചകൾ കൊണ്ട് അത് നശിച്ചുപോവുകയായിരുന്നു. കൂടാതെ ആഴം കൂട്ടുന്നതിന്റെ ഭാഗമായി മണ്ണുമന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിയും പ്രഹസനമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചിട്ടയായി പദ്ധതികളില്ലാതെ പണം ധൂർത്ത് അടിക്കുന്നത് ഒഴിവാക്കണമെന്ന് കർഷക കൂട്ടായ്മ ആവശ്യപ്പെടുന്നു.
ആഴം കൂട്ടി തോടിന്റെ ഇരുകരകളിലും കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കുക, തോടിനോട് ചേർന്ന് നടപ്പാത നിർമിക്കുക, തോടിന്റെ അരികിലൂടെ ഇലക്ട്രിക് ലൈൻ വലിച്ച് കർഷകർക്ക് ജലസേചനസൗകര്യം ഉറപ്പാക്കുക, തോടിന്റെ വീതി 10 മീറ്ററിൽ ക്രമപ്പെടുത്തി ബാക്കി സ്ഥലം സഞ്ചാരയോഗ്യമായ റോഡ് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ച കർഷക കൂട്ടായ്മ കർഷകർക്ക് കൈത്താങ്ങായി തെങ്ങ്, നെല്ല്, വാഴ, പച്ചക്കറികൾ എന്നിവ വളർത്തുന്നതിനും തോട്ടിലൂടെ ഗതാഗതം സ്ഥാപിക്കുന്നതിനും താറാവ് വളർത്തൽ, മീൻ വളർത്തൽ, മത്സ്യബന്ധനം എന്നീ ചെറിയ തൊഴിലുകൾ ചെയ്യുന്നവർക്കും പെരുംതോടിന്റെ വികസനം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇ.ടി. ടൈസൺ എം.എൽ.എ, കലക്ടർ, ഗ്രാമപഞ്ചായത്ത്, വകുപ്പ് അധികൃതർ എന്നിവർ മുമ്പാകെയാണ് കർഷക കൂട്ടായ്മ നിവേദനം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.