യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം
text_fieldsഎരുമപ്പെട്ടി: യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘർഷത്തെ തുടർന്ന് അലങ്കോലമായി. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ ലിസ്റ്റ് വായിക്കുന്നതിനിടെയാണ് നേതാക്കൾ തമ്മിൽ സംഘർഷവുമുണ്ടായത്. കൂടിയാലോചന നടത്താതെയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും പ്രഖ്യാപിക്കാൻ അനുവദിക്കുകയില്ലെന്നും പറഞ്ഞ് വേദിയിലുണ്ടായിരുന്ന കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ എം.എം.സലീം രംഗത്തെത്തിയതാണ് ബഹളത്തിനും വാക്കേറ്റത്തിനും ഇടയാക്കിയത്.
വായിച്ച് കൊണ്ടിരുന്ന പേരുകൾ രേഖപ്പെടുത്തിയ കടലാസ് സലിം ബലമായി പിടിച്ചെടുത്ത് ചുരുട്ടിയെറിഞ്ഞു. ഇതിനെ തുടർന്ന് പ്രകോപിതരായ നേതാക്കളും പ്രവർത്തകരും സലീമുമായിയുണ്ടായ രൂക്ഷമായ വാക്കേറ്റം സംഘർഷാവസ്ഥ സൃഷ്ടിച്ചു. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയലിന്റെ സാന്നിധ്യത്തിലാണ് സംഘർഷമുണ്ടായത്. ജോൺ ഡാനിയൽ ഇടപ്പെട്ട് രംഗം ശാന്തമാക്കിയതിന് ശേഷം ലിസ്റ്റ് അവതരിപ്പിച്ചു. ഏകപക്ഷീയമായി ഒരു കൂടിയാലോചനയും നടത്താതെയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും താൻ ഉൾപ്പടെയുള്ള കുറച്ച് നേതാക്കളെ കൺവെൻഷന് വിളിച്ചിരുന്നില്ലായെന്നും എം.എം.സലീം പറയുന്നു. അതേസമയം, കരട് ലിസ്റ്റാണ് അവതരിപ്പിച്ചതെന്നും മാറ്റങ്ങൾ വരുത്താൻ അവസരമുണ്ടായിരുന്നു എന്നും എല്ലാ നേതാക്കളേയും കൺവെൻഷന് ക്ഷണിച്ചിരുന്നുവെന്നും മണ്ഡലം കമ്മറ്റി ഭാരവാഹികൾ പറയുന്നു. സലീമിന്റെ നടപടിക്കെതിരെ കെ.പി.സി.സിക്കും ഡി.സിസിക്കും പരാതി നൽകുമെന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.