എ,ഐ വിഭാഗം തർക്കം; മാളയിൽ ഉമ്മൻ ചാണ്ടി സുവർണജൂബിലി പരിപാടി നടത്താനായില്ല
text_fieldsമാള: മാളയിൽ ഉമ്മൻ ചാണ്ടിയുടെ സുവർണജൂബിലി പരിപാടി നടത്താൻ കോൺഗ്രസ് ഇരുവിഭാഗമായി ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് എത്തി സമന്വയത്തിന് ശ്രമിച്ചെങ്കിലും ഒത്തുതീർപ്പിന് ഇരുവിഭാഗവും തയാറായില്ല.വ്യാഴാഴ്ച വൈകീട്ടാണ് സംഭവങ്ങളുടെ തുടക്കം. ഐ.എൻ.ടി.യു.സിയുടെ ബാനറിൽ കോൺഗ്രസ് നേതാക്കളായ സോയ് കോലഞ്ചേരി, ജോഷി പെരേപാടൻ, ദിലീപ് പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ മാള ടൗണിൽ അനുസ്മരണത്തിന് ഒരുക്കങ്ങൾ നടത്തി.
സോണിയ ഗാന്ധിയുടെ പ്രസംഗം കാണുന്നതിന് ഓൺലൈൻ സംവിധാനവും ഒരുക്കി. വൈകീട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി സെക്രട്ടറി എ.എ. അഷറഫ്, ജില്ല പഞ്ചായത്തംഗം നിർമൽ സി. പാത്താടൻ, വക്കച്ചൻ അമ്പുക്കൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അനുസ്മരണ പരിപാടി നടത്താൻ ടൗണിൽ എത്തിച്ചേർന്നു.
നേരത്തേ നിർമിച്ച താൽക്കാലിക പന്തലിൽ കസേരകൾ കൊണ്ടുവന്നിട്ടു. ഓൺലൈൻ ടി.വി സംവിധാനം സ്ഥാപിക്കാൻ ശ്രമംനടത്തി. ഈ സമയം ഐ.എൻ.ടി.യു.സി നേതാക്കളെത്തി ഓൺലൈൻ സംവിധാനം സ്ഥാപിക്കേണ്ടതില്ലെന്നും തങ്ങൾ നേരത്തേ ടി.വി സ്ഥാപിച്ചതായും പറഞ്ഞു. തുടർന്ന് ഇതേച്ചൊല്ലി തർക്കവും തുടർന്ന് വാഗ്വാദങ്ങളും നടന്നു.
അന്തരീക്ഷം സംഘർഷത്തിലായതോടെ പൊലീസ് എത്തി. ഇരുവിഭാഗവും ഒന്നിച്ച് നടത്താൻ ആവശ്യപ്പെട്ട് സമന്വയത്തിന് ശ്രമിച്ചെങ്കിലും ഒത്തുതീർപ്പിന് ഇരുവിഭാഗവും തയാറായില്ല. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻകൂട്ടി തീരുമാനം എടുക്കാതിരുന്നതിനാലാണ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചതെന്ന് കോൺഗ്രസ് മാള ബൂത്ത് ലോക്കൽ വൈസ് പ്രസിഡൻറ് സോയ് കോലഞ്ചേരി പറഞ്ഞു. അതേസമയം, നേരത്തേതന്നെ തീരുമാനം എടുത്തതായി ഡി.സി.സി സെക്രട്ടറി എ.എ. അഷറഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.