കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർ ചുമതലയേറ്റു; മുതിർന്ന എ ഗ്രൂപ് നേതാക്കൾ വിട്ടുനിന്നു
text_fieldsതൃശൂർ: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ചുമതലയേൽക്കലിലും ഗ്രൂപ് പ്രതിഷേധവും ബഹിഷ്കരണവും. മുതിർന്ന എ ഗ്രൂപ് നേതാക്കളും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും വിട്ടുനിന്നപ്പോൾ യുവ എ ഗ്രൂപ് പരിപാടിയിൽ നിറഞ്ഞുനിന്നു. എ ഗ്രൂപ്പിലെ അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാർ ചുമതലയേൽക്കലിന് എത്തിയില്ല.
ഡി.സി.സി ഓഫിസിൽ വൈകീട്ടായിരുന്നു പരിപാടി. എ മുതിർന്ന എ ഗ്രൂപ്പിലെ പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻകുട്ടി, കെ.പി. വിശ്വനാഥൻ അടക്കമുള്ള നേതാക്കളും ഐ ഗ്രൂപ്പിലെ ജോസഫ് ചാലിശ്ശേരി, എ. പ്രസാദ്, സുന്ദരൻ കുന്നത്തുള്ളി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഒ.ജെ. ജനീഷ് അടക്കമുള്ളവരും പരിപാടിയിൽ പങ്കെടുത്തില്ല.
യുവ എ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ജില്ല പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവ് ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ സജീവമായി നിറഞ്ഞ് നിൽക്കുകയും ചെയ്തു. ടി.വി. ചന്ദ്രമോഹൻ അടക്കം ഐ ഗ്രൂപ്പിലെ ഒരു വിഭാഗം പങ്കെടുത്തു. ഏഴ് ബ്ലോക്ക് കമ്മിറ്റികളാണ് എ ഗ്രൂപ്പിന് ലഭിച്ചിരുന്നത്. അതിൽ വള്ളത്തോൾ നഗർ, പാവറട്ടി ബ്ലോക്ക് കമ്മിറ്റികളുടെ പ്രസിഡന്റുമാർ ചുമതലയേൽക്കലിൽ പങ്കെടുത്തു.
പരിയാരം, എറിയാട്, ഇരിങ്ങാലക്കുട, വടക്കേക്കാട്, കുന്നംകുളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരാണ് എത്താതിരുന്നത്. ഇതോടെ ഏഴെന്നത് വീണ്ടും താഴ്ന്ന് എ ഗ്രൂപ്പിന് അഞ്ച് മാത്രമേ ഉള്ളൂവെന്ന നിലയിലാണ് എ ഗ്രൂപ് നേതൃത്വം.
ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി ചേലക്കരയിലും വടക്കാഞ്ചേരിയിലും ചേർപ്പിലും കടുത്ത പ്രതിഷേധവും കൂട്ടരാജിയും ചൂട് പിടിക്കുമ്പോഴാണ് പ്രതിഷേധങ്ങളെയും എതിർപ്പുകളെയും അവഗണിച്ചുള്ള നേതൃത്വത്തിന്റെ തുടർനടപടികൾ. പട്ടികയിൽ ഇനി പുനരാലോചനയില്ലെന്നാണ് നേതാക്കൾ കീഴ്ഘടകങ്ങളിലെ നേതാക്കളെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.