തൃശൂർ കോർപറേഷനിലെ നിർമാണ പ്രവൃത്തി കോൺഗ്രസ് തടഞ്ഞു
text_fieldsതൃശൂർ: കോർപറേഷനിൽ പൊതുമരാമത്ത് കമ്മിറ്റിയും കൗൺസിലും അറിയാതെ ടെൻഡർ നടപടി പോലും നടത്താതെ കോടികളുടെ നിർമാണ പ്രവൃത്തികൾ നടത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ കോർപറേഷനിലെ നിർമാണ പ്രവൃത്തികൾ തടഞ്ഞു.
പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി െചയർമാൻ ജോൺ ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗേറ്റിന് മുന്നിൽ കമീഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ പൊലീസ് സംഘം കൗൺസിലർമാരെ തടഞ്ഞത് കൗൺസിലർമാരും പൊലീസും തമ്മിൽ വാക്കേറ്റത്തിനിടയാക്കി.
ഇ-ടെൻഡർ നടപടികൾ ഒഴിവാക്കാൻ വേണ്ടി അഞ്ച് ലക്ഷത്തിന് താഴെയുള്ള എസ്റ്റിമേറ്റ് പരിധിയിൽ നിർത്തി ഒരു പ്രവൃത്തി തന്നെ 51 ഫയലുകളായി വിഭജിച്ച് ഗുരുതരമായ ക്രമക്കേടും കൊള്ളയുമാണ് കോർപറേഷനിൽ സി.പി.എം നേതൃത്വം നൽകുന്ന ഭരണമുന്നണി നടത്തുന്നതെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.
നിയമപ്രകാരമല്ലാത്ത പ്രവൃത്തികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകിയതായി രാജൻ പല്ലൻ അറിയിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലാലി ജയിംസ്, എൻ.എ. ഗോപകുമാർ, ഉപനേതാവ് ഇ.വി. സുനിൽരാജ്, കൗൺസിലർമാരായ കെ. രാമനാഥൻ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, വിനീഷ് തയ്യിൽ, സനോജ് പോൾ, ശ്രീലാൽ ശ്രീധർ, എബി വർഗീസ്, ലീല ടീച്ചർ, നിമ്മി റപ്പായി, മേഫി ഡെൽസൺ, ആൻസി ജേക്കബ്, രന്യ ബൈജു എന്നിവർ സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.