പോരടങ്ങാതെ കോൺഗ്രസ്; പങ്കെടുക്കാതെ ഒരു വിഭാഗം
text_fieldsതൃശൂർ: യു.ഡി.എഫ് ചെയർമാനായി മുൻ എം.എൽ.എയും മുൻ ഡി.സി.സി പ്രസിഡന്റുമായ എം.പി. വിൻസെൻറ് ചുമതലയേറ്റു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്ത യു.ഡി.എഫ് നേതൃസംഗമത്തിലാണ് വിൻസെൻറ് ചുമതലയേറ്റത്. വിവാദ നിയമനത്തിലെ അതൃപ്തി ചുമതലയേറ്റ ചടങ്ങിലും ഒരു വിഭാഗം നേതാക്കൾ പ്രകടമാക്കി.
മുതിർന്ന നേതാക്കളായ പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻകുട്ടി, തേറമ്പിൽ രാമകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, പത്മജ വേണുഗോപാൽ എന്നിവർ പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാണ് പങ്കെടുക്കാതിരുന്നതിന് കാരണമായി പറയുന്നത്. എന്നാൽ, ചുമതലയേൽക്കലുമായി ബന്ധപ്പെട്ട് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലും ഇവർ വിട്ടുനിന്നിരുന്നു.
കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തും ജില്ല പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവ് ജോസഫ് ടാജറ്റുമാണ് എ ഗ്രൂപ്പിൽനിന്ന് പങ്കെടുത്ത പ്രധാന നേതാക്കൾ. ഐ ഗ്രൂപ്പിൽ, വിമർശനമുയർത്തിയിരുന്നെങ്കിലും ടി.വി. ചന്ദ്രമോഹൻ പങ്കെടുത്തു.
ചെയർമാൻ സ്ഥാനത്തുനിന്ന് മുന്നറിയിപ്പില്ലാതെ ആദ്യം നീക്കുകയും പ്രതിഷേധത്തെ തുടർന്ന് തീരുമാനം മരവിപ്പിക്കുകയും പിന്നീട് സമ്മർദ്ദത്തെ തുടർന്ന് രാജിവെച്ചൊഴിയുകയും ചെയ്ത മുൻ ചെയർമാൻ ജോസഫ് ചാലിശ്ശേരിയാണ് ചുമതലയേൽക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.
നിയമന വിവാദത്തിൽ എതിർപ്പും പ്രതിഷേധവുമുയർന്നുവെങ്കിലും പ്രതിപക്ഷ നേതാവെത്തി യോഗം ചേരുന്നതിലൂടെ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് നേതാക്കളുടെ കൂട്ടത്തോടെയുള്ള വിട്ടുനിൽക്കൽ നൽകുന്നതെന്ന് നേതൃത്വം വിലയിരുത്തുന്നു.
ഇടക്കാലത്തിനുശേഷം പുറത്തെ പരിപാടികളിൽ പങ്കെടുത്ത് തുടങ്ങിയ മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ പ്രതിപക്ഷ നേതാവ് പങ്കെടുത്ത ജില്ലയിലെ പ്രധാന ചടങ്ങായിട്ടും വരാതെ, സ്പീക്കർ എ.എൻ. ഷംസീറിന്റെ ഉച്ചക്കുള്ള സന്ദർശനം പറഞ്ഞൊഴിയുകയായിരുന്നു.
പിണറായിയുടെ സംഘ്പരിവാർ വിരുദ്ധത താൽക്കാലികം -വി.ഡി. സതീശൻ
യു.ഡി.എഫ് നേതൃയോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വി.സിയെ ക്രമവിരുദ്ധമായി നിയമിക്കാൻ ഗവർണറുമായി സന്ധി ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ കാണിക്കുന്ന സംഘ്പരിവാർ വിരുദ്ധത താൽക്കാലികമാണെന്ന് സതീശൻ ആരോപിച്ചു. ക്രമവിരുദ്ധമായി നിയമിച്ച വി.സിമാർ രാജിവെക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.
ചെയ്തുകൂട്ടിയ വൃത്തികേടുകൾക്ക് കാലം കണക്ക് ചോദിക്കുമെന്നതാണ് ഇപ്പോൾ പിണറായി വിജയൻ അനുഭവിക്കുന്ന സ്വർണക്കടത്ത് കേസും സ്വപ്നയുടെ ആരോപണങ്ങളുമെന്നും സതീശൻ പറഞ്ഞു. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് കൺവീനർ കെ.ആർ. ഗിരിജൻ, സി.എ. മുഹമ്മദ് റഷീദ്, തോമസ് ഉണ്ണിയാടൻ, അനിൽ അക്കര, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, എം.പി. ജോബി, കെ.സി. കാർത്തികേയൻ.
മനോജ് ചിറ്റിലപ്പിള്ളി, കെ.എൻ. പുഷ്പാംഗദൻ, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, എം.പി. പോളി, സുന്ദരൻ കുന്നത്തുള്ളി, പി.എം. അമീർ, അസീസ് താണിപ്പാടം, സി.സി. ശ്രീകുമാർ, എൻ.കെ. സുധീർ, കെ.കെ. കൊച്ചുമുഹമ്മദ്, കെ.കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.