ഐ ഗ്രൂപ്പുകാരനായ റൂറൽ ബാങ്ക് പ്രസിഡന്‍റ് അവിശ്വാസത്തിൽ പുറത്ത്
text_fieldsഗുരുവായൂര്‍: ഫര്‍ക്ക റൂറല്‍ സഹകരണ ബാങ്ക് പ്രസിഡൻറ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്. 30 വര്‍ഷമായി പ്രസിഡൻറ് സ്ഥാനത്ത് തുടരുന്ന കോൺഗ്രസ് ഐ വിഭാഗം നേതാവ് കെ.കെ. സെയ്തു മുഹമ്മദിനെയാണ് അതേ ഗ്രൂപ്പിലുള്ളവരും മുസ്ലിം ലീഗും ചേർന്ന് പുറത്താക്കിയത്. ആകെയുള്ള 13 ഡയറക്ടര്‍മാരില്‍ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ലീഗിലെ രണ്ടുപേരും അവിശ്വാസത്തെ പിന്തുണച്ചു. കോണ്‍ഗ്രസിലെ മറ്റ് ആറ് ഡയറക്ടര്‍മാര്‍ വിട്ടുനിന്നു.
അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബിെൻറ പേരിൽ കത്ത് നൽകിയിരുന്നു. എന്നാൽ, ഈ കത്തിെൻറ ആധികാരികതയിൽ ഒരുവിഭാഗം സംശയമുന്നയിച്ചു. കോണ്‍ഗ്രസിലെ പി.വി. ബദറുദ്ദീന്‍, മീര ഗോപാലകൃഷ്ണന്‍, കെ.ജെ. ചാക്കോ, ബിന്ദു നാരായണന്‍, ദേവിക നാരായണന്‍, ലീഗിലെ പി.കെ. അബൂബക്കര്‍, റിയാസ് അഹമ്മദ് എന്നിവരാണ് അവിശ്വാസത്തെ പിന്തുണച്ചത്.
നേരേത്ത അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി തേടി നൽകിയ കത്തിൽ ഒപ്പിട്ടിരുന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി.എ. ഗോപപ്രതാപന്‍ വിട്ടുനിന്നു. അവിശ്വാസത്തിന് കത്ത് നൽകിയതിനെ തുടർന്ന് പത്മജ വേണുഗോപാലിെൻറ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് വരെ താൽക്കാലിക ഒത്തുതീർപ്പുണ്ടാക്കിയിരുന്നു. ഇതിനിടെ ചില ഡയറക്ടർമാരെ അസാധുവാക്കാൻ സി.പി.എം നേതാവ് സഹകരണ വകുപ്പിന് നൽകിയ പരാതിക്ക് പിന്നിൽ ബാങ്ക് പ്രസിഡൻറാണെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി.
അവിശ്വാസത്തിനെതിരെ ഹൈകോടതി വരെ നിയമപോരാട്ടം നടന്നെങ്കിലും പ്രമേയം അവതരിപ്പിക്കാനാണ് കോടതി നിർദേശിച്ചത്. അസി. രജിസ്ട്രാര്‍ രാമചന്ദ്രനായിരുന്നു വരണാധികാരി. അവിശ്വാസം പാസായതോടെ പ്രസിഡൻറിെൻറ ചുമതല വൈസ് പ്രസിഡൻറ് പി.കെ. അബൂബക്കറിന് കൈമാറി. സെയ്തുമുഹമ്മദ് പുറത്തായതോടെ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഐ ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറിമറിഞ്ഞു.
ബ്ലോക്ക് പ്രസിഡൻറിനും ലീഗിനുമെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ
ഗുരുവായൂര്‍: കെ.പി.സി.സി നേതൃത്വത്തിെൻറ നിർദേശം മറികടന്ന് കോൺഗ്രസുകാരനായ റൂറൽ ബാങ്ക് ചെയർമാനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. ബ്ലോക്ക് പ്രസിഡൻറ് ഗോപപ്രതാപെൻറ നടപടിക്ക് പിന്തുണ നൽകിയ മുസ്ലിം ലീഗ് അംഗങ്ങൾക്കെതിരെയും കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു.
ഡി.സി.സി സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, എ.എം. അലാവുദ്ദീൻ, കെ.ഡി. വീരമണി, മണ്ഡലം പ്രസിഡൻറുമാരായ കെ.വി. ഷാനവാസ്, ബാലൻ വാറനാട്ട്, സി. മുസ്താഖലി, യു.ഡി.എഫ് കൺവീനർ കെ. നവാസ്, മുൻ ബ്ലോക്ക് പ്രസിഡൻറുമാരായ ആർ. രവികുമാർ, പി.കെ. ജമാലുദ്ദീൻ, ബ്ലോക്ക് ഭാരവാഹികളായ കെ.പി. ഉദയൻ, ടി.എച്ച്. റഹിം, ആർ.കെ. നൗഷാദ്, തേർളി അശോകൻ, ശശി വാറനാട്ട്, പി.ഐ. ലാസർ, കെ.എം. ഇബ്രാഹിം, വി.കെ. നിഹാദ് തുടങ്ങിയവരാണ് പ്രസ്താവനയിലൂടെ പ്രതിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.