തൃശൂർ കോർപറേഷൻ ഭരണം:നിലപാട് കടുപ്പിച്ച് കോൺഗ്രസ്
text_fieldsതൃശൂർ: കോർപറേഷനിലെ ഇടത് ഭരണത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടന്ന് കോൺഗ്രസ്. തിങ്കളാഴ്ച കോർപറേഷന് മുന്നിൽ കോൺഗ്രസ് കൗൺസിലർമാരുടെ ഏകദിന സത്യഗ്രഹ സമരം നടക്കും. കേവല ഭൂരിപക്ഷമില്ലെങ്കിലും കോൺഗ്രസ് വിമതനെ കൂട്ടി ഇടതുമുന്നണിയുടെ തുടർഭരണമാണ് കോർപറേഷനിൽ.
തെരഞ്ഞെടുപ്പ് കാലത്ത് ആയുധമായിരുന്ന മാസ്റ്റർ പ്ലാൻ തുടങ്ങി, ഏറ്റവും ഒടുവിൽ കോർപറേഷനിൽ മേയറുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും ചേംബറുകൾ മോടിപിടിപ്പിക്കുന്നതിലെ അഴിമതി വരെയെത്തിയ ആരോപണങ്ങളുണ്ടെങ്കിലും പ്രത്യക്ഷ സമര പരിപാടികളിലേക്ക് കോൺഗ്രസ് ഇതുവരെ കടന്നിരുന്നില്ല.
കൗൺസിലിൽ ഭരണപക്ഷത്തേക്കാൾ കൂടുതൽ അംഗങ്ങൾ കോൺഗ്രസ്-ബി.ജെ.പി പ്രതിപക്ഷ നിരയിലുണ്ട്. ഭരണപക്ഷത്തിന് തലവേദനയാവുന്നത് പലപ്പോഴും ഇവർ യോജിപ്പോടെയെടുക്കുന്ന നിലപാടുകളാണ്. ഭരണപക്ഷത്തോട് സൗഹൃദ സമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം കഴിഞ്ഞ ഭരണസമിതിയുടെ കാലം മുതൽ കോൺഗ്രസിനെതിരെ ഉയർന്നിരുന്നു.
ഇതേ തുടർന്നായിരുന്നു അന്നത്തെ പ്രതിപക്ഷ കക്ഷി നേതാവിനെയും ഉപനേതാവിനെയും മാറ്റി നടപടിയുണ്ടായത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ. വർഗീസിനെ മേയർ പദവി നൽകിയാണ് ഇടതുപക്ഷം കൂടെക്കൂട്ടി തുടർഭരണം ഉറപ്പിച്ചത്. വർഗീസുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാതെ ഭരണം നഷ്ടപ്പെടാൻ കാരണക്കാരായത് കോൺഗ്രസ് നേതൃത്വമാണെന്ന വിമർശനവുമുയർന്നിരുന്നു. ഡി.സി.സിക്ക് പുതിയ പ്രസിഡന്റ് വന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണങ്ങളിൽ കൂടുതൽ ഇടപെടുന്നതിെൻറ തുടക്കമാണ് കോർപറേഷനിലെന്നാണ് നേതാക്കൾ പറയുന്നത്.
തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കോർപറേഷന് മുന്നിൽ നടക്കുന്ന സമരം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.