നെഹ്റു പാർക്കിലെ മ്യൂസിക് ഫൗണ്ടന് റീത്തുവെച്ച് കോൺഗ്രസ് പ്രതിഷേധം
text_fieldsതൃശൂർ: കോർപറേഷൻ നെഹ്റു പാർക്കിൽ 27 കോടി ചെലവിട്ട് വികസനപ്രവർത്തനങ്ങളിലെ അഴിമതി വിജിലൻസ് അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസെൻറ്. കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ പാർക്കിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
50 ലക്ഷം രൂപ ചെലവിൽ നിർമിച്ച മ്യൂസിക് ഫൗണ്ടൻ പ്രവർത്തനരഹിതമായതിന്റെ ഒന്നാം ചരമവാർഷിക ദിനം മ്യൂസിക് ഫൗണ്ടനിൽ റീത്തുവെച്ച് എം.പി. വിൻസെന്റ് ഉദ്ഘാടനം നിർവഹിച്ചു. നെഹ്റു പാർക്കിൽ കുട്ടികളെ സ്വാഗതംചെയ്യുന്ന, 1959ൽ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച കുട്ടികളുടെ പ്രതിമ കൈകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ്.
കുട്ടികളുടെ കളി ഉപകരണങ്ങളും അപകടകരമായ നിലയിലാണ്. നെഹ്റു പാർക്കിൽ ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതിനാൽ സാമൂഹികദ്രോഹികളുടെ അഴിഞ്ഞാട്ടമാണെന്നും രാജൻ ജെ. പല്ലൻ ആരോപിച്ചു.
പാർലമെന്ററി പാർട്ടി സെക്രട്ടറി കെ. രാമനാഥൻ, ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ജയപ്രകാശ് പൂവ്വത്തിങ്കൽ, എ. കെ.സുരേഷ്, വിനേഷ് തയ്യിൽ, ലീല വർഗീസ്, സുനിത വിനു, സനോജ് പോൾ, സിന്ധു ആന്റോ, റെജി ജോയ്, അഡ്വ. വില്ലി, രന്യ ബൈജു, മേഴ്‌സി അജി, നിമ്മി റപ്പായി, ഡി.സി.സി സെക്രട്ടറിമാരായ ബൈജു വർഗീസ്, സജി പോൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.