മേയർ എത്താൻ വൈകി; കോർപറേഷൻ കൗൺസിലിൽ കോൺഗ്രസ് പ്രതിഷേധം
text_fieldsതൃശൂർ: യോഗം വിളിച്ചുചേർത്ത മേയർതന്നെ നേരം വൈകിയെത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രതിഷേധത്തിൽ കോർപറേഷൻ കൗൺസിൽ യോഗം തടസ്സപ്പെട്ടു. കുടിവെള്ള പ്രശ്നത്തെ ചൊല്ലി കൗൺസിലർമാർ തുടരുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ രീതി മാറ്റുന്ന കടുത്ത നിലപാട് കൂടി പ്രഖ്യാപിച്ചായിരുന്നു കോൺഗ്രസ് അംഗങ്ങൾ കൗൺസിലിനെത്തിയത്. എന്നാൽ, ഉച്ചക്ക് രണ്ടിന് യോഗം വിളിച്ച മേയർ അരമണിക്കൂർ വൈകിയാണ് കൗൺസിൽ ഹാളിലേക്ക് എത്തിയത്. അതുവരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. ഒരു മിനിറ്റ് കഴിഞ്ഞതോടെ മേയർ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ടു. കൂക്കിവിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് കോൺഗ്രസ് കൗൺസിലർമാർ മേയറെ യാത്രയാക്കിയത്.
അതേസമയം, സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിരിയാണിച്ചെമ്പുമായും നഗരത്തിലെ വിഷയമായ ചളിവെള്ളവുമായാണ് പ്രതിപക്ഷം സമരത്തിനെത്തിയത്. ആദ്യന്തം സംഘർഷഭരിതമായിരുന്നു.
ഹാജർ ബുക്ക് പ്രതിപക്ഷാംഗങ്ങൾക്ക് ഒപ്പിടാൻ നൽകാതിരുന്നതു തുടക്കത്തിൽ ബഹളത്തിനിടയാക്കി. പിന്നീട് ഹാജർ പുസ്തകം നൽകി. മേയറുടെ ചേംബറിന് മുന്നിൽ തുടരുന്ന റിലേ സത്യഗ്രഹത്തെ അവഗണിച്ചതിനെ തുടന്ന് സമര രീതി കടുപ്പിക്കാൻ കഴിഞ്ഞദിവസം മുതൽ മേയറുടെ ചേംബർ ഉപരോധിച്ച് കോൺഗ്രസ് സമരം ശക്തമാക്കി. വ്യാഴാഴ്ച സെക്രട്ടറി അടക്കമുള്ളവരെ ഉപരോധിച്ചിരുന്നു.
കൗൺസിലർമാരുടെ ആവശ്യം നിരാകരിച്ച മേയറുടെ നടപടി അവകാശനിഷേധമെന്ന്ഹൈകോടതി
തൃശൂർ: മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പുവെച്ച് കൗൺസിൽ യോഗം വിളിച്ചുചേർക്കാൻ മേയർക്കോ സെക്രട്ടറിക്കോ നൽകിയ നിവേദനം നിരാകരിച്ച നടപടി അംഗങ്ങളുടെ അവകാശനിഷേധമെന്ന് ഹൈകോടതി. കോർപറേഷൻ മേയറുടെയും സെക്രട്ടറിയുടെയും നടപടികൾക്കെതിരെ കോൺഗ്രസ് അംഗങ്ങളായ രാജൻ പല്ലനും ജോൺ ഡാനിയേലും നൽകിയ ഹരജിയിലാണ് ഹൈകോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്. 2021 ഒക്ടോബർ 27ന് മാസ്റ്റർ പ്ലാൻ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിന് യോഗം വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്ത് ആദ്യം മേയറും പിന്നീട് സെക്രട്ടറിയും നിരാകരിച്ചത് ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചത്.
കോടതിയുടെ മുമ്പാകെ ഇരിക്കുന്ന വിഷയത്തിൽ കൗൺസിലിൽ പ്രമേയം അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് യോഗം വിളിക്കുന്നത് നിരാകരിക്കുന്നതിന് കാരണമായി മേയറും സെക്രട്ടറിയും പ്രതിപക്ഷത്തിന് മറുപടി നൽകിയത്. മാസ്റ്റർ പ്ലാൻ വിഷയവുമായി ബന്ധപ്പെട്ട് കോടതികളിൽ കേസുകളുണ്ടെന്ന് കോർപറേഷൻ അഭിഭാഷകൻ ഹൈകോടതിയിലും വിശദീകരിച്ചു. നഗരസഭ കൗൺസിൽ യോഗ നടപടിക്രമം ചട്ടം 18 അനുസരിച്ച് കോടതിയിലിരിക്കുന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിക്കാനാവില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ, കൗൺസിൽ ചേരുന്നതിനാണ് കത്തെന്നും കൗൺസിൽ ചേർന്നതിന് ശേഷമാണ് പ്രമേയമെന്നും വിഷയം രണ്ടായി കാണാതെ മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പിട്ട നിവേദനം പരിഗണിക്കാതിരുന്നത് കൗൺസിലർമാരുടെ അവകാശ നിഷേധമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
മേയറുടെ മറുപടിയും കൗൺസിലർമാരുടെ നിവേദനവും കോടതി അസാധുവാക്കി. കൗൺസിൽ വിളിച്ചുചേർക്കണമെന്ന ആവശ്യം കാലഹരണപ്പെട്ടതായും കോടതി കണക്കാക്കി. ഈ ആവശ്യത്തിൽ യോഗം വിളിക്കണമെങ്കിൽ മേയർക്ക് ചട്ടം ഏഴ് പ്രകാരം കത്ത് നൽകാമെന്നും മേയർ യോഗം വിളിച്ചുചേർക്കണമെന്നും മേയർ നിരാകരിക്കുന്നുവെങ്കിൽ സെക്രട്ടറി സൗകര്യമൊരുക്കി നൽകണമെന്നും ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.