കോർപറേഷനിൽ 142 പിൻവാതിൽ നിയമനമെന്ന് കോൺഗ്രസ്
text_fieldsതൃശൂർ: കോർപറേഷനിൽ സി.പി.എം ഭരണസമിതി പിൻവാതിൽ നിയമനത്തിലൂടെ 142 ജീവനക്കാരെ നിയമിച്ചെന്ന് ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ. അടിസ്ഥാനയോഗ്യത പോലുമില്ലാത്ത പാർട്ടിക്കാരെ മാനദണ്ഡമൊന്നുമില്ലാതെയാണ് തിരുകിക്കയറ്റിയതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
തിരുവനന്തപുരം നഗരസഭയിൽ ഇപ്പോൾ നടന്നത് മാസങ്ങൾക്കു മുമ്പ് തൃശൂരിലും നടന്നു. മേയർക്കും സി.പി.എം നേതാക്കൾക്കും എതിരെ അനിശ്ചിതകാല പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകും.
പിൻവാതിൽ നിയമനം, സേവന ഉപനികുതി, മാലിന്യപ്രശ്‌നം തുടങ്ങിയ വിഷയങ്ങളിൽ നടത്തുന്ന സമരത്തിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് കോർപറേഷൻ ഓഫിസിനു മുന്നിൽ മേയറെ പരസ്യവിചാരണ ചെയ്യും. 'നഗരപിതാവിനെതിരെ നഗരവിചാരണ' എന്ന പേരിലാണ് പ്രതീകാത്മക സമരം.
ആരോഗ്യം, കുടിവെള്ളം, വൈദ്യുതി, പൊതു വിഭാഗങ്ങളിലാണ് അനധികൃത നിയമനം. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലിക്ക് കാത്തുനിൽക്കുമ്പോഴാണ് അനധികൃത നിയമനങ്ങൾ.
അഴിമതിക്ക് നേതൃത്വം കൊടുത്ത സി.പി.എം നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണം. മേയർ സാംസ്‌കാരികനഗരിയുടെ ദുരന്തമായി മാറിയെന്നും ജോസ് വള്ളൂർ പറഞ്ഞു. പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ, ഐ.പി. പോൾ, ജോൺ ഡാനിയേൽ, രാജേന്ദ്രൻ അരങ്ങത്ത്, ഇ.വി. സുനിൽ രാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.