കോൺഗ്രസിന്റെ ടോൾ സമരം ആയുധമാക്കി എൽ.ഡി.എഫ്
text_fieldsതൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ ടോൾ വിരുദ്ധ സമരത്തിനിറങ്ങിയ കോൺഗ്രസിനും ടി.എൻ. പ്രതാപൻ എം.പിക്കുമെതിരെ എൽ.ഡി.എഫ്. കോൺഗ്രസിനെയും എം.പിയെയും പരിഹസിച്ചും രൂക്ഷമായി വിമർശിച്ചും സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തി.
ടോൾ കമ്പനിക്ക് അവസരമൊരുക്കിയ നേതാവെന്ന് സി.പി.എം മയത്തിൽ പറഞ്ഞപ്പോൾ പ്രതാപന്റേത് ‘കഞ്ഞിക്കുഴി മോഡൽ കപട സമര’മെന്നാണ് സി.പി.ഐയുടെ ആക്ഷേപം. 70 ശതമാനം നിർമാണംപോലും പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ 2011ൽ യു.ഡി.എഫ് സർക്കാർ അനുമതി നൽകിയതിന് പിന്നിലുള്ള കോടികളുടെ അഴിമതിയും ജി.ഐ.പി.എൽ, കെ.എം.സി കൺസ്ട്രക്ഷൻ തുടങ്ങിയ കരാർ കമ്പനികളുമായി കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധവും ബിനാമി ഇടപാടുകളും അന്വേഷിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദത്തിന് പിന്നാലെ ഇ.ഡിയുടെ റെയ്ഡും നേതാക്കളെയടക്കം സംശയ നിഴലിൽ നിർത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികരണത്തിന് പോലും കഴിയാത്ത നിലയിലായിരുന്ന സി.പി.എമ്മും ഇടതുപക്ഷവും കോൺഗ്രസിന്റെയും എം.പിയുടെയും ടോൾ വിരുദ്ധ സമരം ആയുധമാക്കുകയാണ്.
ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്ന തൃശൂരിൽ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്ന പ്രതീതിയുണ്ട്. ബി.ജെ.പിക്കു വേണ്ടി സുരേഷ് ഗോപിയും യു.ഡി.എഫിനു വേണ്ടി സിറ്റിങ് എം.പി ടി.എൻ. പ്രതാപനും സ്ഥാനാർഥിത്വം ഉറപ്പിച്ച നിലയിലാണ്. ഇടതുപക്ഷത്തിനു വേണ്ടി മുൻ മന്ത്രി വി.എസ്. സുനിൽകുമാർ മത്സരിക്കുമെന്ന് ഏതാണ്ട് ധാരണയുണ്ടെങ്കിലും വ്യക്തത വരേണ്ടതുണ്ട്. മൂന്ന് കക്ഷികൾക്കും തൃശൂർ നിർണായകമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മൂന്ന് കക്ഷികളും ഓരോ ചുവടും വെക്കുന്നത്.
മുമ്പ് ടോൾ സമരങ്ങളുടെ ഒരു ഘട്ടത്തിലും പ്രതാപൻ ഉണ്ടായിട്ടില്ലെന്നും പാർലമെന്റിൽ ടോൾ നിർത്തലാക്കുന്നത് സംബന്ധിച്ച് ചോദ്യമുന്നയിക്കാനോ കത്ത് നൽകാനോ തയാറായിരുന്നില്ലെന്നും ഇടതുപക്ഷം പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ആദ്യ നിലപാടിൽ മാറ്റം വന്നതോടെയാണ് പ്രതാപൻ മണ്ഡലത്തിൽ വീണ്ടും സജീവമായത്.
എം.പിയുടെ സജീവ സാന്നിധ്യം ഇല്ലെന്ന ആക്ഷേപം നേതൃതലത്തിൽനിന്നുതന്നെ ഉയർന്നിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പ്രതാപന്റെയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തിൽ സഹകാരി സംരക്ഷണ പദയാത്ര സംഘടിപ്പിച്ചത് ഗാന്ധിജയന്തി ദിനത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബി.ജെ.പി പദയാത്ര പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു. അതിന് ശേഷമാണ് പാലിയേക്കര ടോൾ പ്ലാസയിൽ ഇ.ഡി റെയ്ഡ് നടന്നത്. 125.21 കോടിയുടെ അനർഹ സമ്പാദ്യം കണ്ടെത്തി മരവിപ്പിച്ചതോടെയാണ് കോൺഗ്രസ് ടോൾ പ്ലാസ വളയൽ സമരം പ്രഖ്യാപിച്ചത്.
യു.ഡി.എഫ് ജില്ല ചെയർമാനും കെ.പി.സി.സി സെക്രട്ടറിമാരും ഉൾപ്പെടെ മുതിർന്ന നേതാക്കളെ സമര പരിപാടി അറിയിച്ചില്ലെന്ന ആക്ഷേപം പിന്നാലെ വന്നു. ടോൾ സമരത്തിനിടെ ഏഴ് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിന് എം.പി അടക്കമുള്ളവർക്കെതിരെ കേസെടുത്തതോടെ പൊലീസ് ടോൾ കമ്പനിക്ക് വേണ്ടിയാണെന്നും ടോൾ കൊള്ളയെ സി.പി.എം ന്യായീകരിക്കുന്നെന്നും എം.പി കുറ്റപ്പെടുത്തി. ഇതോടെയാണ് സി.പി.എമ്മും സി.പി.ഐയും എം.പിക്കെതിരെ രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടോളും കരുവന്നൂരുമടക്കമുള്ള വിഷയങ്ങൾ ശക്തമായി ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ, കരുവന്നൂരിൽ നിക്ഷേപകരിൽ ഒരു വിഭാഗത്തിന് തുക തിരിച്ചുനൽകിയാൽ പരാതി പരിഹരിക്കാനാവുമെന്നും ടോളിലൂടെ കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ നേരിടാനാകുമെന്നുമാണ് സി.പി.എമ്മിന്റെ ചിന്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.