ഗുരുവായൂർ മേൽപാലം നിർമാണം നീളും; ഈ വർഷം കഴിയാൻ സാധ്യതയില്ല
text_fieldsഗുരുവായൂർ: ജൂലൈ 31ന് തീരുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്റെ നിർമാണം നീളാൻ സാധ്യത. ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ 50 ശതമാനംപോലും തീരാത്തതിൽ അവലോകന യോഗത്തിൽ എൻ.കെ. അക്ബർ എം.എൽ.എ അതൃപ്തി രേഖപ്പെടുത്തി. എട്ട് സ്പാനുകളുടെ ഗർഡർ സ്ഥാപിക്കേണ്ടിടത്ത് മൂന്ന് എണ്ണത്തിന്റെ മാത്രമേ സ്ഥാപിക്കാനായുള്ളൂവെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
റെയിൽവേ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഓഫ് കേരള (ആർ.ഡി.ബി.സി.കെ), മേൽനോട്ട ചുമതലയുള്ള റൈറ്റ്സ് (റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവിസ് ലിമിറ്റഡ്), കരാറുകാരായ എസ്.പി.എൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും നിർദേശിച്ചു. സംഭവിച്ച വീഴ്ചകൾ പൊതുമരാമത്ത് മന്ത്രിയെ അറിയിക്കും.
ഫാബ്രിക്കേഷൻ കഴിഞ്ഞ ഗർഡറുകൾ എത്താൻ വൈകിയതാണ് ജോലി വൈകാൻ കാരണമെന്ന് നിർമാണ ചുമതലക്കാർ പറഞ്ഞു. ഈ മാസം 20നകം തൃശിനാപ്പള്ളിയിൽനിന്ന് എല്ലാ ഗർഡറും എത്തും. സെപ്റ്റംബർ ആദ്യവാരത്തോടെ ഇവ സ്ഥാപിക്കും.
സർവിസ് റോഡ് പൂർണതോതിലാകാൻ പാലം നിർമാണം കഴിയണം
സർവിസ് റോഡ് പൂർണതോതിലാകാൻ പാലം നിർമാണത്തിന്റെ അന്തിമ ഘട്ടമെത്തണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാലത്തിന്റെ താങ്ങുമതിലിന്റെ നിർമാണം പൂർത്തീകരിച്ചശേഷമേ സർവിസ് റോഡ് പൂർത്തിയാക്കാനാവൂ. നിർമാണസാമഗ്രികളും ക്രെയിനും മറ്റും കൊണ്ടുവരേണ്ടതുള്ളതിനാൽ റെയിൽവേ നേരിട്ട് നടത്തുന്ന റെയിൽപാളത്തിന് മുകളിലെ സ്പാനുകളുടെ നിർമാണം കഴിയുംവരെ താങ്ങുമതിൽ നിർമിക്കാനാവില്ല.
മതിൽ നിർമാണത്തിന് സർവിസ് റോഡ് വരുന്ന ഭാഗമടക്കം കുഴിക്കേണ്ടതുണ്ട്. റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ എം.എൽ.എ നിർദേശിച്ചു. നിർമാണാവശ്യങ്ങൾക്ക് ഒഴികെയുള്ള സമയത്ത് താൽക്കാലിക സർവിസ് റോഡ് തുറന്നിടും. ബാലകൃഷ്ണ തിയറ്ററിന് സമീപത്തെ സർവിസ് റോഡ് തുറക്കാൻ ബസുകൾ നിർത്തിയിടുന്നത് മാറ്റാൻ നടപടിയെടുക്കാമെന്ന് സി.ഐ സി. പ്രേമാനന്ദ കൃഷ്ണൻ പറഞ്ഞു.
പാലത്തിൽ അവശേഷിക്കുന്ന ജോലികൾ
റെയിൽപാളത്തിന് സമീപം പൈലിങ് നടത്തി കോൺക്രീറ്റ് തൂണുകൾ നിർമിക്കാനുള്ളതിന്റെ രൂപരേഖ ചെന്നൈ ഐ.ഐ.ടി അംഗീകരിക്കണം. ഒരാഴ്ചക്കകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ടെൻഡർ നടപടി പൂർത്തിയായിട്ടുള്ളതാണ്. പൈലിങ് നടത്തി തൂണുകൾ നിർമിക്കാർ ഏകദേശം 60 ദിവസമെടുക്കും.
പാലത്തിന് മുകളിലെ സ്പാനിന്റെ നിർമാണത്തിന് ലഖ്നോവിലെ റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷന്റെ (ആർ.ഡി.എസ്.ഒ) അനുമതി ലഭിക്കണം. ഇത് ലഭിച്ച ശേഷം നിർമാണത്തിന് നാല് മാസത്തോളം സമയമെടുക്കും. അനുമതി നേടലും പ്രവൃത്തികളും വേഗത്തിലാക്കാൻ അവലോകനയോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
തിരുവെങ്കിടം അടിപ്പാത കെ.ആര്.ഡി.സി.എലിന്
തിരുവെങ്കിടം റെയില്‍വേ അടിപ്പാതയുടെ നിര്‍മാണം കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിന് കൈമാറാൻ മന്ത്രിതലത്തിൽ ധാരണയായി. കെ.ആര്.ഡി.സി.എലിന് പദ്ധതി കൈമാറിയാല്‍ സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങാതെ വേഗത്തില്‍ പണിപൂര്ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. 126 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുള്ളതാണ് നിര്‍ദിഷ്ട അടിപ്പാത.
പാലത്തിൽ മുറിഞ്ഞ് കെ.എസ്.ഇ.ബിയുടെ ദേവസ്വം, ഗുരുവായൂർ ഫീഡറുകൾ
ഗുരുവായൂർ: മേൽപാല നിർമാണം തുടങ്ങിയതോടെ വിഛേദിച്ച ദേവസ്വം, ഗുരുവായൂർ ഫീഡറുകൾ പുനഃസ്ഥാപിക്കാൻ സാഹചര്യമൊരുക്കണമെന്ന് പാലം നിർമാണ ഏജൻസിയോട് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. സബ് സ്റ്റേഷനിൽനിന്ന് ഈ ഫീഡറുകളിലേക്ക് റെയിൽപാളത്തിന് അടിയിലൂടെ കേബിൾ മുഖേനയാണ് വൈദ്യുതി എത്തിയിരുന്നത്. പാല നിർമാണം തുടങ്ങിയതോടെ ഇത് വിഛേദിച്ചു. ഗുരുവായൂർ സെക്ഷന്‍ കീഴിൽ വരുന്ന മമ്മിയൂർ, ചാമുണ്ഡേശ്വരി ഫീഡറുകളിലൂടെയാണ് ഇപ്പോൾ ഗുരുവായൂർ, ദേവസ്വം ഫീഡറുകളിലേക്ക് താൽക്കാലിക സംവിധാനം വഴി വൈദ്യുതിയെത്തുന്നത്. അതിനാൽ തന്നെ സാങ്കേതിക പ്രശ്നങ്ങളാൽ വൈദ്യുതി മുടക്കം ഗുരുവായൂർ സെക്ഷന്‍ കീഴിൽ തുടർക്കഥയായിട്ടുണ്ട്. വിഛേദിച്ച കേബിളുകൾ പുനഃസ്ഥാപിക്കാൻ എത്രയും വേഗം സാഹചര്യമൊരുക്കണമെന്ന് കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ എം. ബിജി, അസി. എൻജിനീയർ ബീന എന്നിവർ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയുടെയും ആർ.ബി.ഡി.സി.കെയുടെയും ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി പ്രശ്നം പരിഹരിക്കാൻ എൻ.കെ. അക്ബർ എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.