വഴിമുടക്കി ദേശീയപാത അഴുക്കുചാൽ നിർമാണം
text_fieldsകയ്പമംഗലം: കയ്പമംഗലം വഴിയമ്പലത്ത് പ്രദേശവാസികളുടെ വഴി മുടക്കിയതിനൊപ്പം രൂക്ഷമായ വെള്ളക്കെട്ടുണ്ടാക്കിയും നിർദിഷ്ട ദേശീയപാതയുടെ അഴുക്കുചാൽ നിർമാണം. കയ്പമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് നിവാസികളാണ് ഇതുമൂലം ദുരിതത്തിലായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വഴിയമ്പലത്ത് ബൈപാസ് നിർമാണം നടക്കുന്ന ഭാഗത്താണ് നടവഴി നഷ്ടമായത്. റോഡിന് സമാന്തരമായി അൽപ്പം ഉയരത്തിൽ നിർമിച്ചിരിക്കുന്ന അഴുക്കുചാൽ സംവിധാനമാണ് വഴിമുടക്കിയായത്. അഴുക്കുചാൽ നിർമിച്ചതോടെ ജനം സഞ്ചരിച്ചിരുന്ന പൊതുവഴികളും സ്വകാര്യ വഴികളും അടഞ്ഞു. ഇടറോഡുകളിലേക്കുള്ള പ്രവേശനവും ഇതുമൂലം ദുഷ്കരമായി.
ജലസ്രോതസ്സുകൾ നിരവധിയുള്ള ഈ മേഖലയിൽ പലയിടത്തും വെള്ളം ഒഴുകി പോയിരുന്ന തോടുകൾ നികത്തിയാണ് ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നത്. പകരം വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിട്ടില്ല. ഇതുമൂലം രൂക്ഷമായ വെള്ളക്കെട്ടാണ്. ബൈപ്പാസ് നിർമാണം നടക്കുന്നതിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കുടുംബങ്ങൾക്കാണ് വഴി നിഷേധിച്ചതിനൊപ്പം വെള്ളക്കെട്ട് ദുരിതവും അനുഭവിക്കേണ്ടി വരുന്നത്. മഴ ശക്തമായതോടെ ദേശീയപാത ഏറ്റെടുത്ത സ്ഥലം മുഴുവനും വെള്ളക്കെട്ടിലാണ്. ചളിയും ആഴമുള്ള കുഴിയും നിറഞ്ഞ വഴിയിലൂടെയുള്ള സഞ്ചാരം ഏറെ പ്രയാസകരമായതായി നാട്ടുകാർ പറഞ്ഞു. അഴുക്കുചാൽ വഴിമുടക്കിയതോടെ പ്രദേശവാസികൾക്ക് നിലവിലെ ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ കിലോമീറ്ററുകൾ ചുറ്റി വളയണം.
സ്വകാര്യ വ്യക്തികളുടേയും മറ്റും പറമ്പുകളിലൂടെയും തോടുകൾ മറികടന്നുമൊക്കെയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ദേശീയ പാതയിലേക്കെത്തുന്നത്. മഴ പെയ്ത് കാനകൾ നിറഞ്ഞ് വെള്ളക്കെട്ടായതോടെ ഇതുവഴിയുള്ള സഞ്ചാരവും അപകട ഭീഷണിയുയർത്തുന്നുണ്ട്. രോഗികളെ ആശുപത്രിയിലേക്ക് പോലും കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.
അഴുക്കുചാലിന് മുകളിലൂടെ സഞ്ചരിക്കാൻ രണ്ട് വശങ്ങളിലും മണ്ണിട്ടോ, കല്ല് വിരിച്ചോ, റാമ്പിട്ടോ താൽക്കാലിക സംവിധാനം ഒരുക്കിത്തരണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അധികൃതർ തയാറായിട്ടില്ല.
ശരിയായ രീതിയിൽ തോട് നിർമിച്ച് വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനവും സഞ്ചരിക്കാനുള്ള വഴിയും ഒരുക്കണമെന്നും അല്ലാത്ത പക്ഷം ബൈപ്പാസ് നിർമാണം തടസ്സപ്പെടുത്തി സമര പരിപാടികളിലേക്ക് നീങ്ങുമെന്നും വാർഡ് മെംബർ ബീന സുരേന്ദ്രൻ പറഞ്ഞു. വികസനത്തിന് തങ്ങൾ എതിരല്ലെന്നും എത്രയും വേഗം പ്രശ്നപരിഹാരത്തിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.