ട്രെയിൻ വൈകി; നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
text_fieldsതൃശൂർ: ട്രെയിൻ വൈകിയതിനെ തുടർന്ന് നഷ്ടപരിഹാരം നൽകാൻ റെയിൽവേക്കെതിരെ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷെൻറ ഉത്തരവ്.
തൃശൂർ കുണ്ടുകാട് മലയിൽ കളപ്പുരക്കൽ വീട്ടിൽ എം.എം. ബാബു, കെ.എം. ജോയ്, സൗത്ത് കൊണ്ടാഴി പുത്തൻവീട്ടിൽ പി.എസ്. ജോർജ് എന്നിവർ ഫയൽ ചെയ്ത ഹരജിയിലാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനും പാലക്കാടുള്ള റെയിൽവേ സീനിയർ ഡിവിഷമൽ കമേഴ്സ്യൽ മാനേജർക്കുമെതിരെ ഉത്തരവായത്.പരാതിക്കാർ 2010 ഒക്ടോബർ ഒമ്പതിനാണ് മംഗളൂരു എക്സ്പ്രസിൽ വടക്കാഞ്ചേരിയിൽനിന്ന് പയ്യന്നൂരിലേക്ക് യാത്രക്കായി ടിക്കറ്റെടുത്തത്.
പുലർച്ച 3.20നാണ് ട്രെയിനിെൻറ സമയം പറഞ്ഞിരുന്നത്. സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ വൈകി ഓടുന്നുവെന്ന അറിയിപ്പാണ് ലഭിച്ചത്. എത്ര നേരം വൈകുന്നുവെന്നും എപ്പോൾ എത്തുമെന്നോ റെയിൽവേ ഉദ്യോഗസ്ഥർക്ക് ധാരണയുണ്ടായില്ല. മൂന്ന് മണിക്കൂറോളം കാത്തിരുന്ന് ഷൊർണൂരിലേക്ക് പോയി അവടെനിന്ന് മറ്റൊരു ട്രെയിനിൽ പയ്യന്നൂരിലേക്ക് പോവുകയായിരുന്നു.ടിക്കറ്റെടുത്ത ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയാത്തതിനാൽ പണം തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നാണ് പരാതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
ട്രെയിൻ വൈകിയതിെൻറ കാരണം കൃത്യമായി കമീഷൻ മുമ്പാകെ വിശദീകരിക്കാൻ റെയിൽവേ പ്രതിനിധികൾക്ക് കഴിഞ്ഞില്ല. പുലർച്ച 3.20ന് എത്തേണ്ട ട്രെയിൻ എത്തിയത് 9.30നാണെന്ന് മൊഴിയും നൽകി. റെയിൽവേയുടെ സേവനത്തിൽ വീഴ്ചയുണ്ടെന്ന് വിലയിരുത്തിയ പ്രസിഡൻറ് സി.ടി. ബാബു, അംഗങ്ങളായ ഡോ. കെ. രാധാകൃഷ്ണൻ, എസ്. ശ്രീജ എന്നിവരടങ്ങിയ കമീഷൻ പരാതിക്കാരായ മൂന്ന് പേർക്കും 5,000 രൂപ വീതം നൽകാൻ ഉത്തരവിടുകയായിരുന്നു. പരാതിക്കാർക്കു വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.