ഉപഭോക്താക്കൾ സൗരോർജ വൈദ്യുതിയിലേക്ക് ചുവടുമാറുന്നു
text_fieldsതൃശൂർ: വൈദ്യുതി ഉപഭോക്താക്കൾ പതിയെ സൗരോർജ വൈദ്യുതിയിലേക്ക് ചുവടുമാറുന്നു. മേൽക്കൂരയിലെ സൂര്യപ്രകാശത്തിൽനിന്ന് സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കാൻ സോളാർ പ്ലാന്റ് ഉപയോഗിക്കുന്ന അനർട്ടിന്റെ 'സൗരതേജസ്' പദ്ധതിയിൽ ചേരാൻ ജില്ലയിൽ 313 അപേക്ഷകരാണ് ഉള്ളത്. വൈദ്യുതി നിരക്ക് വർധന മുന്നിൽക്കണ്ടും സൗരോർജത്തിലേക്ക് മാറാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായുമാണ് പൊതുജനത്തിന്റെ മാറ്റമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കെ.എസ്.ഇ.ബിയുമായി ഇത് ബന്ധിപ്പിക്കുന്നതിലൂടെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന വീട്ടിലേയോ കെട്ടിടത്തിലേയോ വൈദ്യുതാവശ്യം നിറവേറ്റാം. അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാം. അങ്ങനെ നൽകുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലിൽ കുറവ് ചെയ്യും.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സബ്സിഡിയോടെ കാർഷിക പമ്പുകൾ സോളാറിലേക്ക് മാറ്റുന്ന രണ്ടു പദ്ധതിക്കും ആവശ്യക്കാരുണ്ട്.
ഇതിന് 60 ശതമാനമാണ് സബ്സിഡി. കൃഷി ഓഫിസ്, പഞ്ചായത്ത് ഓഫിസ്, ഊർജമിത്ര കേന്ദ്രങ്ങൾ, അനെർട്ട് ജില്ല ഓഫിസ്, അക്ഷയകേന്ദ്രം എന്നിവയുടെ സഹായത്തോടെ അപേക്ഷിക്കാം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അപേക്ഷ സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം സാധ്യത പരിശോധന നടക്കും.
എല്ലാ നിയോജക മണ്ഡലങ്ങളിലുമുള്ള ഊർജമിത്ര സബ് സെന്റർ ഇത്തരം പദ്ധതികളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്നുണ്ട്. രജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ ഈ കേന്ദ്രം വഴി നടത്താം. പണം നൽകേണ്ടത് ഓൺലൈൻ വഴിയാണ്. 1000 രൂപയും ജി.എസ്.ടിയുമാണ് ഫീസ്. മാസം 200 യൂനിറ്റാണ് വേണ്ടതെങ്കിൽ രണ്ട് കിലോവാട്ട് പ്ലാന്റ് മതിയാകും. ഒരു കിലോവാട്ടിൽനിന്ന് നാല് യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. രണ്ട് കിലോവാട്ട് മുതൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 40 ശതമാനം സബ്സിഡി ലഭിക്കും. മൂന്ന് കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 20 ശതമാനവും ലഭിക്കും.
രജിസ്ട്രേഷൻ: www.buymysun.com/sourathejas. വിവരങ്ങൾക്ക്: 0487 2320941.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.