കോർപറേഷനിൽ മാസ്റ്റർ പ്ലാൻ പൈതൃക വിവാദ ബഹളം
text_fieldsതൃശൂർ: മാസ്റ്റര്‍ പ്ലാനിലെ പൈതൃക മേഖലയിൽ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോർപറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷ ബഹളം. മുൻ മേയറും പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലനെതിരെ സി.പി.എം പ്രമേയം അവതരിപ്പിച്ചതിനെതിരെ കോൺഗ്രസ് അംഗങ്ങൾ രംഗത്ത് വന്നതോടെ ബഹളമായി.
ചർച്ചയില്ലാതെ അജണ്ടയംഗീകരിച്ച് യോഗം അവസാനിപ്പിച്ചു. കൗൺസിൽ ആരംഭിച്ച ഉടൻ സി.പി.എമ്മിലെ പ്രേംകുമാറാണ് പ്രമേയം അവതരിപ്പിക്കാനുണ്ടെന്ന ആവശ്യമുയർത്തിയത്. എന്നാൽ ചട്ടപ്രകാരം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. എന്നാൽ അജണ്ടയിലെ വിഷയവുമായി ബന്ധപ്പെട്ടാണെന്ന് അറിയിച്ചതോടെ അവതരണാനുമതി നൽകി.
മാസ്റ്റർ പ്ലാനിൽ പൈതൃക മേഖലകൾ പൊളിക്കാന്‍ ഒപ്പിടുകയും പിന്നീട് തെറ്റുപറ്റിയെന്ന് പറഞ്ഞ് കോണ്‍ഗ്രസിനുവേണ്ടി മാപ്പുപറയുകയും ചെയ്ത രാജൻ പല്ലൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും മാസ്റ്റർ പ്ലാൻ വഴി പൈതൃകങ്ങൾ തകർക്കുന്നെന്ന പ്രചാരണം നടത്തിയതിൽ രാജൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രേംകുമാറിെൻറ പ്രമേയം.
പ്രമേയത്തെ പിന്തുണച്ച് അനൂപ് കരിപ്പാലും ഇടത് കൗൺസിലർമാരും രംഗത്ത് വന്നതോടെ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യമുയർത്തി. ഇതിനിടയിൽ രാജൻ പല്ലൻ മറുപടി പറയാൻ എഴുന്നേറ്റെങ്കിലും പ്രസംഗത്തിെൻറ ഘട്ടത്തിൽ ഭരണപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി രാജൻ പല്ലൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
സി.പി.എം-കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം തുടരുമ്പോൾ ബി.ജെ.പി അംഗങ്ങൾ മൗനത്തിലായിരുന്നു. സ്വരാജ് റൗണ്ടിൽനിന്ന് 150 മീറ്റർ വരെ പൈതൃകമേഖല മാറ്റം വരുത്തിയതിൽ മറുപടി പറയാൻ പറ്റാതെ മേയറും സംഘവും ഒളിച്ചോടിയെന്ന് രാജൻ ജെ. പല്ലൻ കുറ്റപ്പെടുത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തുടർച്ചയായി കൗൺസിൽ യോഗം ചേരുന്നത് കോവിഡ് വ്യാപനത്തിന് സാഹചര്യമൊരുക്കുകയാണെന്നും രാജൻ പല്ലൻ ആരോപിച്ചു. മാസ്റ്റർപ്ലാൻ വിഷയത്തിൽ ഭരണപക്ഷത്തിന് മറുപടി ഇല്ലാത്തതിനാൽ ചർച്ച ഒഴിവാക്കുന്നതിനു വേണ്ടിയുള്ള സമരനാടകമായിരുന്നു സി.പി.എം നടത്തിയതെന്ന് ജോൺ ഡാനിയേൽ കുറ്റപ്പെടുത്തി. മാസ്റ്റർ പ്ലാൻ വിഷയത്തിൽ സി.പി.എം നഗരത്തിലെ ജനങ്ങളെ ചതിക്കുകയാെണന്നും സുതാര്യമായ ചർച്ചക്ക് ഇടതുഭരണ സമിതി തയാറാകണമെന്നും എ. പ്രസാദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.