കോർപറേഷൻ ഭരണം പിടിക്കാൻ നീക്കവുമായി വീണ്ടും കോൺഗ്രസ്
text_fieldsതൃശൂർ: കോർപ്പറേഷൻ ഭരണം പിടിക്കാൻ വീണ്ടും നീക്കവുമായി കോൺഗ്രസ്. ചില കൗൺസിലർമാർ കോൺഗ്രസിനൊപ്പം വരുമെന്നും ഭരണം യു.ഡി.എഫ് പിടിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. എൽ.ഡി.എഫിലെ ചില സ്വതന്ത്ര കൗൺസിലർമാർ യു.ഡി.എഫിൽ ഉടൻ എത്തുമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ പറഞ്ഞു. കെ. മുരളീധരന്റെ വരവിനുശേഷം ചില കൗൺസിലർമാർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സി.പി.ഐയിലെ ചില കൗൺസിലർമാരും താൽപര്യം പ്രകടിപ്പിച്ചതായി കോൺഗ്രസ് പറയുന്നു. എൽ.ഡി.എഫിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുമായി ചർച്ച നടത്തിയെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ. വർഗീസിനെ കൂടെക്കൂട്ടി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് കോർപറേഷനിൽ എൽ.ഡി.എഫ് ഭരണം നിലനിൽക്കുന്നത്. വോട്ടെണ്ണൽ അവസാനത്തിലെത്തിയപ്പോൾ ഭരണം തുലാസിലെന്ന് ബോധ്യപ്പെട്ട സി.പി.എം അവസരത്തിനൊത്ത് നീങ്ങി വർഗീസിനെ സമീപിച്ചു. ഈ സമയത്ത് ഭരണം കിട്ടുമെന്ന് ഉറപ്പിച്ച് ആര് മേയറാവുമെന്ന തർക്കത്തിലായിരുന്നു കോൺഗ്രസ്. എന്നാൽ തുടർഭരണം എന്ന ചരിത്രത്തിനായി മേയർ പദവി തന്നെ നൽകിയാണ് സി.പി.എം വർഗീസിനെ കൂട്ടിയത്. താൻ കോൺഗ്രസുകാരനാണെന്നും എന്നാൽ നേതാക്കളാരും തന്നെ സമീപിച്ചില്ലെന്നും ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയാണെന്നുമായിരുന്നു അന്ന് വർഗീസ് പറഞ്ഞത്. ആദ്യം മൂന്ന് വർഷമെന്ന് ധാരണയായിരുന്നുവെങ്കിലും പിന്നീട് അഞ്ച് വർഷവും ഇദ്ദേഹത്തിന് തന്നെ പദവി നൽകാൻ സി.പി.എം ധാരണയിലായിരുന്നു.
ഭരണം നിലനിർത്തുക എന്നതിലുപരി ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി അംഗങ്ങളായ മുതിർന്ന രണ്ട് പേർ കൗൺസിലിൽ ഉണ്ടെന്നിരിക്കെ അധികാര തർക്കം ഒഴിവാക്കുക കൂടിയായിരുന്നു തന്ത്രപൂർവം ഇതിലൂടെ. ഭരണം അട്ടിമറിക്കാൻ നേരത്തെ തന്നെ കോൺഗ്രസ് ശ്രമം നടത്തിയിരുന്നുവെങ്കിലും അവിശ്വാസ നോട്ടീസ് ചർച്ചയിൽ ബി.ജെ.പി വിട്ടുനിന്നതോടെ പരാജയപ്പെട്ടു. 2022 മാർച്ചിൽ ആയിരുന്നു ഇത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും ഇപ്പോഴും സ്വന്തം മുന്നണിയിലെ ഭിന്നതയായിരുന്നു ഇടതുമുന്നണിയിൽ സി.പി.എം നേരിട്ടിരുന്ന പ്രതിസന്ധി.
ഘടകകക്ഷികളുടെയും സ്വതന്ത്രരുടെയും സമ്മർദം സി.പി.എമ്മിനുണ്ട്. ഇവരെ മുൻനിർത്തിയാണ് കോൺഗ്രസ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലാണ് യു.ഡി.എഫിന്റെ ശ്രമങ്ങൾ എന്നത് ശ്രദ്ധേയമാണ്. മുരളീധരൻ തൃശൂരിൽ എത്തിയതും നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നുമാണ് ഭരണം പിടിക്കാനുള്ള നീക്കമെന്നാണ് നേതാക്കൾ പറയുന്നത്. 55 അംഗ ഭരണസമിതിയിൽ കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസും സ്വതന്ത്രനായ സി.പി. പോളിയും ഉൾപ്പെടെ 25 പേരാണ് ഇടതുപക്ഷത്തിനുള്ളത്. കോൺഗ്രസിന് 24ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണിയുടെ തുടർഭരണമാണ് കോർപറേഷനിൽ.
അതേസമയം കോർപറേഷനിൽ ഭരണമാറ്റം ഉണ്ടാവില്ലെന്ന് എം.കെ. വർഗീസ് പ്രതികരിച്ചു. കോൺഗ്രസിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.