കോർപറേഷൻ അമൃത് മാസ്റ്റർ പ്ലാനും വിവാദത്തിൽ
text_fieldsതൃശൂർ: കോർപറേഷൻ അമൃത് സിറ്റി മാസ്റ്റർപ്ലാനും വിവാദത്തിൽ. ജി.ഐ.എസ് അധിഷ്ഠിത കരട് മാസ്റ്റർ പ്ലാൻ കൗൺസിൽ അംഗീകരിച്ചുവെങ്കിലും ഇതുവരെയും പ്ലാനിൽ പ്രാഥമിക പരിശോധനയും ഭേദഗതിയും നടത്തേണ്ട നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ എത്തിയില്ല.
ഫയൽ ഇതുവരെയും സ്റ്റാൻഡിങ് കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് സമിതി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. നഗരത്തിന്റെ വികസനത്തിന് ഉതകുന്ന വിധത്തിൽ തയാറാക്കപ്പെടേണ്ട മാസ്റ്റർ പ്ലാൻ ഇതുവരെയും നഗരാസൂത്രണ കമ്മിറ്റിക്ക് അയക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ആക്ഷേപം.
നഗര വികസനവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി. നഗരാസൂത്രണ കമ്മിറ്റി കരട് മാസ്റ്റർപ്ലാൻ പരിഗണിച്ചാൽ മാസ്റ്റർപ്ലാനിലെ പോരായ്മകൾ വിലയിരുത്താനും ആവശ്യമായ ഭേദഗതികൾ വരുത്താനും കോർപറേഷന് തന്നെ കഴിയും. അതിനുശേഷം ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ തേടുന്നതിലൂടെ കാര്യമായ മാറ്റങ്ങൾ വേണ്ടിവരില്ല.
നഗരാസൂത്രണ കമ്മിറ്റി പരിഗണിച്ചുള്ള ശിപാർശയോടെ വേണം മാസ്റ്റർപ്ലാൻ അടങ്ങുന്ന അജണ്ട കൗൺസിലിലേക്ക് വരേണ്ടിയിരുന്നത്. എന്നാൽ, ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റി അറിയാതെയാണ് കൗൺസിലിൽ എത്തിയത്.
നഗരാസൂത്രണ കമ്മിറ്റിക്ക് മാസ്റ്റർപ്ലാൻ കരട് സമർപ്പിച്ചാൽ പരിശോധനക്കും ഭേദഗതികൾക്കുമായി പരാതികൾ പരിഗണിക്കുന്നതിനുമായി ഡിവിഷൻ സഭകളിലേക്ക് അയക്കുമെന്ന് ശിപാർശ ചെയ്യുമെന്ന ഭയമാണ് നഗരാസൂത്രണ കമ്മിറ്റിയെ തടയാനുള്ള കാരണമെന്ന് സംശയിക്കുന്നതെന്ന് ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു.
അജണ്ടകൾ ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികളുടെ പരിഗണനക്ക് വിധേയമായി മാത്രമേ കൗൺസിലിൽ വരാവൂ എന്ന ചട്ടം ലംഘിച്ചതായും ആരോപണമുണ്ട്. നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വരാതെ നേരിട്ട് കൗൺസിലിലേക്ക് വരുന്ന കരട് മാസറ്റർപ്ലാനിനെ കൗൺസിൽ യോഗത്തിൽ ശക്തമായി എതിർക്കുമെന്ന് ജോൺ ഡാനിയേൽ അറിയിച്ചു.
2011ൽ യു.ഡി.എഫ് കാലത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് വിവാദം ഇപ്പോഴും തുടരുന്നതിനിടെയാണ് അമൃത് സിറ്റി മാസ്റ്റർ പ്ലാനും വിവാദത്തിലാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.