നഗരത്തിൽ സൗജന്യ ഭക്ഷണ വിതരണം നിരോധിച്ച് കോർപറേഷൻ
text_fieldsതൃശൂർ: നഗരത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൊതുഇടങ്ങളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തി കോർപറേഷൻ.
ഇത് പരിസര മലിനീകരണത്തിന് ഇടയാക്കുകയും ഭക്ഷണത്തിന്റെ ഗുണമേന്മ കുറവുമൂലം ചിലര്‍ക്ക് ഭക്ഷ്യവിഷബാധ ഏല്ക്കുകയും ചെയ്തതും കണക്കിലെടുത്താണ് തീരുമാനം.
കഴിഞ്ഞ ദിവസം കലക്ടർ വി.ആർ. കൃഷ്ണതേജയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഈ മാസം അഞ്ച് മുതല്‍ നഗരത്തിലെ പൊതുഇടങ്ങളില്‍ സംഘടനകളും മറ്റും സൗജന്യ ഭക്ഷണം നല്‍കുന്നത് അനുവദിക്കില്ലെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു.
തെരുവിൽ കഴിയുന്നവർക്കായി നഗരത്തിൽ വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ സൗന്യമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
പലരിൽ നിന്നായി ഭക്ഷണം വാങ്ങിക്കൂട്ടുന്നവർ തങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം എടുക്കുകയും മറ്റുള്ളത് വലിച്ചെറിയുകയുമാണ്. ഭക്ഷണം കഴിച്ചതിന് ശേഷമാകട്ടെ മാലിന്യങ്ങളും വലിച്ചെറിയുന്നു. ഇതിന് പരിഹാരമായി ‘വിശപ്പ് രഹിത തൃശൂർ’ പദ്ധതിയുടെ ഭാഗമായി ശക്തൻ നഗറിൽ ഇരുന്ന് കഴിക്കാൻ സൗകര്യങ്ങളോടെ മികച്ച ഭക്ഷണം സൗജന്യമായി കോർപ്പറേഷൻ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
നേരത്തെ നഗരത്തിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നവരോട് പറഞ്ഞിരുന്നുവെങ്കിലും ഭക്ഷണം കൊടുക്കുന്നത് നിർത്തുന്നത് പ്രായോഗികമല്ലെന്ന കാരണത്താൽ നടപടി വൈകി. മാലിന്യം കൂടുന്നത് ഹൈകോടതിയടക്കം ഗൗരവത്തിൽ കണ്ട് വിമർശനമുയർത്തിയ സാഹചര്യത്തിലാണ് നിരോധനമെന്ന കർശന നടപടിയിലേക്ക് കോർപ്പറേഷൻ കടക്കുന്നത്. ആക്ട്സിന്റെ നേതൃത്വത്തിലും ഇരുന്ന് കഴിക്കാൻ പാകത്തിൽ ഭക്ഷണ വിതരണം നടക്കുന്നുണ്ട്.
സൗജന്യമായി ഭക്ഷണം നല്കാന് താല്പര്യമുള്ളവര് ശക്തന് സ്റ്റാന്റിലുള്ള കോര്പ്പറേഷന് സജ്ജീകരിച്ചിട്ടുള്ള വിശപ്പുരഹിത നഗരം ‘മന്ന’ എന്ന സംവിധാനവുമായി ബന്ധപെട്ട് ഭക്ഷണ വിതരണം നടത്താവുന്നതാണെന്നും 9747702999 നമ്പരിൽ ബന്ധപ്പെടാമെന്നും മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.