വീണ്ടും ചൂടുപിടിച്ച് ‘ബിനി’
text_fieldsതൃശൂർ: കോർപറേഷൻ ബിനി ടൂറിസ്റ്റ് ഹോം വിവാദം വീണ്ടും ചൂടുപിടിക്കുന്നു. വിഷയത്തിലെ വിവാദചർച്ചയുടെ മിനിറ്റ്സ് നൽകാതെ മേയർ ഒളിച്ചുകളിക്കുന്നതായി കൗൺസിലറുടെ പരാതി. കോൺഗ്രസ് കൗൺസിലർ എ.കെ. സുരേഷ് കോർപറേഷൻ സെക്രട്ടറിക്ക് രേഖാമൂലം കത്ത് നൽകി. ടൂറിസ്റ്റ് ഹോമിൽനിന്ന് അനധികൃതമായി വസ്തുവകകൾ കടത്തിയെന്ന് പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു.
കൗൺസിൽ യോഗങ്ങളിൽ ഇതു വൻ വിവാദമായി. കൗൺസിൽ അറിയാതെ മേയർ മൂൻകുർ അനുമതി കൊടുത്തുവെന്നതിനെ ചൊല്ലിയാണ് വിവാദം. പിന്നീട് കരാറുകാരൻ അനുമതിയില്ലാതെ സ്വന്തം ഇഷ്ടത്തിന് കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കി. കഴിഞ്ഞ ജനുവരി 30ന് ചേർന്ന കൗൺസിൽ യോഗത്തിലും വിഷയം ചർച്ചയായി. 30 കൗൺസിലർമാർ മേയറുടെ നടപടിക്കെതിെര നിലപാടെടുത്തു.
മുൻകൂർ അനുമതി നൽകിയ മേയറുടെ നടപടിക്ക് എതിെരയും വിയോജിച്ചു. അജൻഡയിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോൾ ഫയൽ നൽകാതെ യോഗം പിരിച്ചുവിട്ടു. യോഗ മിനിറ്റ്സും തീരുമാനങ്ങളും നൽകാതെ കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് സെക്രട്ടറിയും ഇടതുഭരണസമിതിയും കൈക്കൊള്ളുന്നതെന്ന് കൗൺസിലർ എ.കെ. സുരേഷ് കുറ്റപ്പെടുത്തി. മിനിറ്റ്സും യോഗതീരുമാനങ്ങളും ആവശ്യപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുകയാണ്.
ജനുവരിക്കുശേഷം നടന്ന കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സും നൽകിയിട്ടില്ല. ഇതിനെതിെരയും പരാതി നൽകും. നിയമപരമായി സെക്രട്ടറിയും ഇക്കാര്യത്തിൽ ഉത്തരവാദിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.