കോർപറേഷൻ ഭരണം ഗുരുതര പ്രതിസന്ധിയിലേക്ക്
text_fieldsതൃശൂർ: എൽ.ഡി.എഫ് പിന്തുണയോടെ തൃശൂർ കോർപറേഷൻ ഭരിക്കുന്ന കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസിന്റെ സുരേഷ് ഗോപി ‘പ്രേമ’ത്തോട് മുന്നണിയിലെ ഘടക കക്ഷികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു.
ശനിയാഴ്ച കോർപേറഷന്റെ വിദ്യാഭ്യാസ അവാർഡ് വിതരണ പരിപാടി സി.പി.ഐ പ്രതിനിധിയായ പി. ബാലചന്ദ്രൻ എം.എൽ.എ അടക്കം ഘടകക്ഷികളിലെ ഭൂരിഭാഗവും ബഹിഷ്കരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെയും ബി.ജെ.പിയെയും സഹായിച്ച മേയർ രാജിവെക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യമെങ്കിൽ മേയറുടെ ഏകാധിപത്യത്തോടാണ് മറ്റ് ഘടകകക്ഷികളുടെ പ്രതിഷേധം.
ജനതാദൾ (എസ്) പ്രതിനിധി ഷീബ ബാബു, കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ കരോളിൻ പെരിഞ്ചേരി, സ്വതന്ത്ര അംഗം സി.പി. പോളി എന്നിവരുൾപ്പെടെ ഘടക കക്ഷി പ്രതിനിധികളാരും പരിപാടിയിൽ പങ്കെടുത്തില്ല. അതേസമയം, പ്രതിപക്ഷത്തുള്ള കോൺഗ്രസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിപാടിയിൽ കോൺഗ്രസ് കൗൺസിലർമാർ പങ്കെടുത്തു.
മേയറുടെ കാര്യത്തിൽ തീരുമാനമാകാതെ ഇനി കോർപറേഷൻ കൗൺസിലിൽ പോലും പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സി.പി.ഐ. പരിപാടിയിൽ മുഖ്യാതിഥിയായാണ് എം.എൽ.എ പി. ബാലചന്ദ്രനെ നിശ്ചയിച്ചിരുന്നത്.
സി.പി.ഐയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺ സാറാമ്മ റോബ്സൺ, കെ. സതീഷ് ചന്ദ്രൻ, ബീന മുരളി എന്നിവരും വന്നില്ല. കോർപറേഷന്റെ പൊതുപരിപാടിയിലേക്കും ബഹിഷ്കരണം വ്യാപിച്ചതോടെ ഭരണം ഗുരുതര പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ഒന്നര മാസത്തോളമായി സാധാരണ കൗൺസിൽ യോഗം ചേർന്നിട്ടില്ല. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസുമായി പാർട്ടി സംസ്ഥാന നേതൃത്വം വിഷയം സംസാരിച്ചതായാണ് അറിയുന്നത്. സി.പി.എമ്മിന്റെ പ്രതിവാര സെക്രട്ടേറിയറ്റ് യോഗത്തിൽ ഇത് ചർച്ചക്ക് വന്നതായും സൂചനയുണ്ട്. മേയറെ മാറ്റാതെ കോർപറേഷൻ ഭരണവുമായി സഹകരിക്കില്ലെന്ന നിലപാടിൽ സി.പി.ഐ ഉറച്ച നിൽക്കുകയാണെന്ന് പറയുമ്പോഴും ചർച്ചയിലൂടെ പരിഹാരത്തിനുള്ള നീക്കത്തിലാണ് സി.പി.എം.
അവർക്ക് എന്തെങ്കിലും അസുഖമുണ്ടോ? -മേയർ
പരിപാടിക്ക് എല്ലാവരും എത്തുമെന്നാണ് പറഞ്ഞതെന്നും എന്തുകൊണ്ട് എത്തിയില്ലെന്ന് അറിയില്ലെന്നും ഘടക കക്ഷികളുടെ ബഹിഷ്കരണത്തോട് മേയർ എം.കെ. വർഗീസ് പ്രതികരിച്ചു. ‘അവർക്ക് എന്തെങ്കിലും അസുഖമുണ്ടോയെന്ന് അറിയില്ല’എന്നും മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.