വെള്ളിടിയായി കോർപറേഷൻ നോട്ടീസ്: ലക്ഷക്കണക്കിന് രൂപ നികുതി കുടിശ്ശിക അടക്കാൻ നിർദേശം
text_fieldsതൃശൂർ: കോർപറേഷൻ വരുത്തിയ വീഴ്ചക്ക് ജനത്തിന് പ്രഹരം. കെട്ടിട നികുതി ഇനത്തിൽ ലക്ഷക്കണക്കിന് രൂപ വരെ കുടിശ്ശിക അടക്കാനുള്ള നോട്ടീസ് കൈപറ്റി ഇടിവെട്ടേറ്റ അവസ്ഥയിലാണ് കോർപറേഷൻ പരിധിയിലെ വീടുകൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിട ഉടമകൾ. കോർപറേഷൻ പ്രതിനിധികൾ നേരിട്ട് വീടുകളിലും മറ്റുമെത്തി സെക്രട്ടറിയുടെ സീലോ ഒപ്പോ ഇല്ലാത്ത കുടിശ്ശിക വിവര നോട്ടീസ് നൽകി എട്ട് ദിവസത്തിനകം ഒറ്റത്തവണയായി അടക്കാൻ ആവശ്യപ്പെടുകയാണ്. നോട്ടീസ് കൈപ്പറ്റിയതായി ഒപ്പിട്ട് വാങ്ങുകയും ചെയ്യുന്നുണ്ട്.
2013ൽ യു.ഡി.എഫ് സർക്കാറാണ് വാടക മാനദണ്ഡം മാറ്റി വിസ്തീർണ അടിസ്ഥാനത്തിൽ കെട്ടിട നികുതി പരിഷ്കരിച്ചത്. ഇത് വർഷങ്ങളോളം സംസ്ഥാനത്തെ 98 ശതമാനം നഗരസഭകളും നടപ്പാക്കിയില്ല. 2019ൽ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഈ വിഷയം പരിശോധിക്കുകയും 2013 എന്നതിന് പകരം 2016 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ മതിയെന്ന് ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന് ഗഡുക്കളായി അടക്കാനും പലിശയും പിഴപ്പലിശയും ഒഴിവാക്കാനുമുള്ള ഇളവുകളും അനുവദിച്ചിരുന്നു. സംസ്ഥാനത്ത് മറ്റെല്ലാ നഗരസഭകളും ഇത് നടപ്പാക്കിയപ്പോൾ തൃശൂർ കോർപറേഷൻ മാത്രം നടപ്പാക്കിയില്ല.
ഇത് തൊട്ടുപിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വേണ്ടി മറച്ചുവെച്ചതാണ് എന്നാണ് പ്രതിപക്ഷ ആരോപണം. 2023ൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഇത് കണ്ടെത്തുകയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാൻ നിർദേശിക്കുകയും ചെയ്തതോടെ കോർപറേഷൻ ഭരണസമിതി ‘ഉണർന്ന്’ പിരിവിന് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായുള്ള നോട്ടീസാണ് ഇപ്പോൾ വ്യാപകമായി നൽകുന്നത്.
2000 ചതുരശ്ര അടിക്ക് തൊട്ടുമുകളിൽ വിസ്തീർണമുള്ള വീട്ടുകാർക്ക് 41,000 രൂപയുടെ കുടിശ്ശിക നോട്ടീസാണ് ലഭിച്ചിരിക്കുന്നത്. വിസ്തീർണമനുസരിച്ച് തുക കൂടും. ഇങ്ങനെ ലക്ഷക്കണക്കിന് രൂപ അടക്കാൻ നോട്ടീസ് കിട്ടിയവരുണ്ട്. 2016-‘17 മുതൽ 2024-‘25 വരെ വസ്തു നികുതി, ഗ്രന്ഥശാല വരി, സേവന ഉപനികുതി, സർചാർജ്, അർധവാർഷിക ഗഡുക്കൾ, പിഴ പലിശ തുടങ്ങിയ അടക്കം അടക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2019ൽ നടപ്പാക്കിയിരുന്നെങ്കിൽ കെട്ടിട ഉടമകൾക്ക് അധികം ഭാരമാകാതെ പോകുമായിരുന്ന തുകയാണ് എട്ടു വർഷത്തെ ഒരുമിച്ചാക്കി വൻ പ്രഹരം ഏൽപ്പിച്ചിരിക്കുന്നത്. കോർപറേഷൻ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചക്കും ഗൂഡാലോചനക്കും കെട്ടിട ഉടമകൾ ഇരകളായിരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.