ജില്ലയിൽ കള്ളനോട്ട് വ്യാപകമാകുന്നു
text_fieldsതൃശൂർ: ജില്ലയിൽ കള്ളനോട്ട് വ്യാപകമാകുന്നു. ബുധനാഴ്ച മാത്രം തൃശൂർ സിറ്റി പരിധിയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ കള്ളനോട്ട് കേസുകൾ റിപ്പോർട്ട് ചെയ്യ്തു. വിയ്യൂർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് റിപ്പോർട്ട് ചെയ്തത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോട്ടറി വിൽപനക്കാരനാണ് തട്ടിപ്പിനിരയായത്. വെളപ്പായ കനാൽപാലത്തിന് സമീപം റോഡ് സൈഡിൽ ലോട്ടറി വിൽപന നടത്തിക്കൊണ്ടിരുന്ന കോഴിക്കുന്ന് സ്വദേശി രാജനാണ് തട്ടിപ്പിനിരയായത്.
കറുത്ത സ്കൂട്ടറിൽ എത്തിയയാൾ 2000 രൂപ നൽകി 450 രൂപക്ക് ലോട്ടറി ടിക്കറ്റ് എടുത്തശേഷം 1550 ബാക്കി വാങ്ങി മടങ്ങിപ്പോകുകയായിരുന്നു. വൈകീട്ട് ലോട്ടറി ഏജൻസി ഓഫിസിൽ പണം നൽകിയപ്പോഴാണ് രണ്ടായിരത്തിന്റെ നോട്ട് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പിനിരയായ ലോട്ടറി കച്ചവടക്കാരൻ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. തിരൂരിൽ കണ്ണട വ്യാപാരിയും കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായി. ലെൻസ് കെയർ ഒപ്റ്റിക്കൽസിൽ കഴിഞ്ഞ ദിവസം എത്തിയയാൾ കണ്ണട വാങ്ങിയ ശേഷം 2000 രൂപ നൽകിയാണ് കടയിലെ ജീവനക്കാരിയെ പറ്റിച്ചത്. കടയുടമ മാർവിൻ വിയ്യൂർ പൊലീസിൽ പരാതി നൽകി.
നേരത്തേ പെട്രോൾ പമ്പുകൾ, പച്ചക്കറിക്കടകൾ, തിരക്കുള്ള ഇടങ്ങളിൽ സംഘം ചേർത്ത് ഇത്തരത്തിൽ കള്ളനോട്ട് നൽകുന്ന സംഘം വ്യാപകമായി ഉണ്ടായിരുന്നു. ഒർജിനലിനെ വെല്ലുന്ന തരത്തിലുള്ള നോട്ടുകൾ ആയതിനാൽ ആർക്കും സംശയം തോന്നാത്ത തരത്തിൽ ഇവ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു. ബംഗളൂരു അടക്കം കേന്ദ്രങ്ങളിൽനിന്ന് ജില്ലയിലേക്ക് കള്ളനോട്ട് എത്തുകയും ചെയ്തിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് കള്ളനോട്ട് നിർമാണം നടത്തിയിരുന്ന സഹോദരന്മാരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. തീരദേശവും ഗ്രമാങ്ങളും നഗരവും അടക്കം വൻ മാഫിയ സംഘമാണ് ഇതിന് പിന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.