എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; എ.സി.പിയുടെ റിപ്പോർട്ട് തള്ളി കോടതി
text_fieldsതൃശൂർ: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് എസ്.ഐയെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത സംഭവത്തിൽ തൃശൂർ സിറ്റി അസി. കമീഷണറുടെ റിപ്പോർട്ട് തള്ളി കോടതി. കേസ് അവസാനിപ്പിക്കാൻ എ.സി.പി നൽകിയ ‘ഫാൾസ് റിപ്പോർട്ടിനെ’ രൂക്ഷമായി വിമർശിച്ചാണ് കോടതിയുടെ നടപടി. എ.സി.പിയുടെ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തി സി.ഐ ടി.ജി. ദിലീപ്കുമാർ കേസ് പരിഗണിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നമ്പർ രണ്ട് കോടതിയിൽ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി നടപടി. ഇക്കഴിഞ്ഞ ഒക്ടോബർ 30ന് നടപടികളുടെ പൂർണ വിശദാംശങ്ങളാണ് സി.ഐ കോടതിയെ അറിയിച്ചിരുന്നത്.
സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ. ആമോദിനെയാണ് ജൂലൈ 30ന് പൊതുസ്ഥലത്ത് മദ്യപിച്ചതായി ആരോപിച്ച് വടൂക്കരയിൽ വെച്ച് സി.ഐ ദിലീപ് കുമാർ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുന്നത്. കള്ളക്കേസാണെന്ന് അന്ന് തന്നെ സ്പെഷൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. പൊതുസ്ഥലമെന്ന നിർവചനത്തിൽ അറസ്റ്റ് പ്രദേശം വരില്ലെന്നും കേസ് നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ നിയമോപദേശവും നൽകിയെങ്കിലും ഇത് പരിഗണിക്കാതെയായിരുന്നു എസ്.ഐയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 12ന് കാക്കനാട് ഗവ. റീജനൽ ലാബിൽനിന്ന് ആമോദിന്റെ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രക്തപരിശോധന റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് പ്രതിസന്ധിയിലായത്. 16ന് ആമോദിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവിസിൽ തിരിച്ചെടുത്തു. കേസ് അവസാനിപ്പിക്കാൻ എ.സി.പി കോടതിയിൽ റിപ്പോർട്ടും നൽകി. ഇതിന് പിന്നാലെ 19ന് സി.ഐയെ സസ്പെൻഡ് ചെയ്തു. കേസ് അവസാനിപ്പിക്കാൻ ‘മിസ്റ്റേക്ക് ഓഫ് ഫാക്റ്റ്’ എന്ന നിലയിലുള്ള റിപ്പോർട്ടിന് പകരം മനഃപൂർവം എസ്.ഐയെ സി.ഐ കുടുക്കാൻ ശ്രമിച്ചെന്ന് സൂചിപ്പിക്കുന്ന ആമോദ് കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയ ‘ഫാൾസ് റിപ്പോർട്ട്’ ആയിരുന്നു എ.സി.പി കൊടുത്തത്. ഇതാണ് എ.സി.പിയെ കോടതിയിൽ കീഴുദ്യോഗസ്ഥൻ തള്ളിപ്പറയുന്ന നിലയുണ്ടാക്കിയത്. നെടുപുഴ സി.ഐ ടി.ജി. ദിലീപ്കുമാറാണ് സിറ്റി അസി. കമീഷണർ കെ.കെ. സജീവൻ നൽകിയ റിപ്പോർട്ടിനെ കോടതിയിൽ തള്ളിയത്.
സാധാരണയായി പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കുകയാണ് ചെയ്യുക. എന്നാൽ, എ.സി.പിയുടെ റിപ്പോർട്ട് പരിശോധിച്ച കോടതി, പ്രാഥമിക പരിശോധനയിൽ തന്നെ സി.ഐയുടെ ഭാഗം കേൾക്കാതെ കേസ് അവസാനിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി. പിന്നാലെ രണ്ടാമത് തിരുത്തി നൽകിയ ‘വാസ്തവ സംഗതിയെ തെറ്റിദ്ധരിച്ചത്’ (മിസ്റ്റേക്ക് ഓഫ് ഫാക്ട്) കണക്കാക്കിയുള്ള റിപ്പോർട്ടിനെ തുടർന്നാണ് കേസ് നടപടികൾ കോടതി അവസാനിപ്പിച്ചത്. സി.ഐക്കും എസ്.ഐക്കും തമ്മിൽ മുൻ വൈരാഗ്യങ്ങളൊന്നുമില്ലെന്നിരിക്കെ കേസ് കളവായി രജിസ്റ്റർ ചെയ്തതല്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. എസ്.ഐയുടെ അറസ്റ്റ് സി.ഐയും സി.ഐയുടെ അറസ്റ്റ് ഡിവൈ.എസ്.പി റാങ്കിലുള്ളവരെയും അറിയിക്കുന്നതാണ് ചട്ടം.
എസ്.ഐ റാങ്കിലുള്ളയാളെ പൊതുസ്ഥലത്ത് മദ്യപിച്ചെന്ന നിലയിൽ കസ്റ്റഡിയിലെടുത്തപ്പോഴടക്കം മേലുദ്യോഗസ്ഥരുമായി സി.ഐ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്. 12 മണിക്കൂറിനകം നടപടിയെടുത്താൽ മതിയെന്നിരിക്കെ കസ്റ്റഡിയിലെടുത്ത് ആശുപത്രി പരിശോധന റിപ്പോർട്ട് വരുന്നതിനും മുമ്പ് തന്നെ ആമോദിനെ സസ്പെൻഡ് ചെയ്തതിലും അസി. കമീഷണറുടെയും കമീഷണറുടെയും അറിവുണ്ടായിരുന്നെന്നും പറയുന്നു. സസ്പെൻഷൻ പിൻവലിച്ചെങ്കിലും കള്ളക്കേസെടുത്ത സംഭവത്തിൽ പരാതികളിൽനിന്ന് എസ്.ഐ ആമോദും കുടുംബവും പിന്മാറിയിട്ടില്ല. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റി, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമീഷൻ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടുണ്ട്. എ.സി.പിയുടെ തെറ്റായ തീരുമാനമാണ് സി.ഐക്ക് സസ്പെൻഷന് വിധേയനാകേണ്ടി വന്നതെന്ന് ഹരജിയിൽ കോടതിയിൽ അറിയിച്ചിരുന്നു. സി.ഐ സസ്പെൻഷനിൽ തുടരുകയാണ്. സി.ഐക്ക് വേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ കൂടിയായ പയസ് മാത്യു, അഡ്വ. ബബിൽ രമേഷ് എന്നിവരാണ് കോടതിയിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.