കോവിഡ്: ജില്ലയിൽ 13 സ്കൂളുകൾ അടച്ചു
text_fieldsതൃശൂർ: കോവിഡ് വ്യാപനം മൂലം ജില്ലയിൽ 13 സ്കൂളുകൾ തുറക്കാനായില്ല. കുട്ടികൾക്കും അധ്യാപകർക്കും കോവിഡ് ബാധിച്ചതിനാലാണിത്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ സ്കൂളുകൾ അടച്ചത്. ഇരിങ്ങാലക്കുടയിൽ 11 ഉം തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചും സ്കൂളുകളാണ് അടച്ചത്. നിലവിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ 649 കുട്ടികളും 421 അധ്യാപകരും 50 അനധ്യാപകരും കോവിഡ് ബാധിതരാണ്. തൃശൂർ വിദ്യാഭ്യാസ ജില്ലയിലാണ് കോവിഡ് വ്യാപനം കൂടുതൽ.
649 കുട്ടികളിൽ 409 പേരും തൃശൂരിൽ നിന്നുള്ളവരാണ്. 226 അധ്യാപകരാണ് തൃശൂരിൽനിന്ന് കോവിഡ് ചികിത്സയിലുള്ളത്. 50ൽ 17 അനധ്യാപകരും തൃശൂരിൽ നിന്നു തന്നെ. ചാവക്കാട് 140 കുട്ടികൾക്കും 139 അധ്യാപകർക്കും 20 അനധ്യാപകർക്കും കോവിഡ് ബാധിച്ചു. 100 കുട്ടികൾക്കും 56 അധ്യാപകർക്കും 13 അനധ്യാപകർക്കും ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കോവിഡ് ബാധിച്ചു. ആറ് സ്കൂളുകൾ ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുമാണ്. തൃശൂരിൽ നാലും ചാവക്കാട് രണ്ടു ക്ലസ്റ്ററുകളുമാണുള്ളത്. തിങ്കളാഴ്ച പത്താം ക്ലാസിൽ 63.30 ശതമാനം കുട്ടികളാണ് ഹാജരായത്. ജില്ലയിലെ മൊത്തം പത്താം ക്ലാസ് കുട്ടികൾ 36,394 പേരാണ്. ഇതിൽ 23,040 കുട്ടികളാണ് ഹാജരായത്.
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 9748 കുട്ടികളും തൃശൂരിൽ 7006 പേരും ഇരിങ്ങാലക്കുടയിൽ 6286 വിദ്യാർഥികളുമാണ് വന്നത്. അതേസമയം, ജില്ലയിൽ 2007ന് മുമ്പ് ജനിച്ച 55,061 സ്കൂൾ കുട്ടികളിൽ 54,322 കുട്ടികൾ കോവിഡ് വാക്സിൻ എടുത്തു. തിങ്കളാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 28,225 ആൺകുട്ടികളും 26,097 പെൺകുട്ടികൾക്കുമാണ് വാക്സിൻ ലഭിച്ചത്. 98.65 ശതമാനം സ്കൂൾ കുട്ടികൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇതുവരെ 28,529 ആൺകുട്ടികളും 26,619 പെൺകുട്ടികും അടക്കം 55,148 പേരാണ് ജില്ലയിൽ വാക്സിനായി രജിസ്റ്റർ ചെയ്തത്. 19,294 കുട്ടികളുള്ള തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ വാക്സിൻ എടുത്തത് 19,120 പേരാണ്. 9682 ആൺകുട്ടികൾക്കും 9438 പെൺകുട്ടികൾക്കും തൃശൂരിൽ ഇതുവരെ വാക്സിൻ ലഭിച്ചു. 16,529 വിദ്യാർഥികളുള്ള ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 15,607 വിദ്യാർഥികളാണ് വാക്സിൻ എടുത്തത്.
8017 ആൺകുട്ടികളും 7590 പെൺകുട്ടികളുമാണ് ഇരിങ്ങാലക്കുടയിൽ വാക്സിൻ എടുത്തത്. ഇവിടെ 8152 ആൺകുട്ടികളും 8107 പെൺകുട്ടികളും അടക്കം മൊത്തം 16,259 പേരാണ് വാക്സിനായി രജിസ്റ്റർ ചെയ്തത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 10,526 ആൺകുട്ടികളും 9069 പെൺകുട്ടികളും അടക്കം രജിസ്റ്റർ ചെയ്ത 19,595 വിദ്യാർഥികളും വാക്സിൻ എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.