എടവിലങ്ങിൽ കോവിഡ് സമൂഹവ്യാപനം; ആരോഗ്യ വകുപ്പിനെതിരെ മുൻ പഞ്ചായത്ത് പ്രസിഡൻറ്
text_fieldsകൊടുങ്ങല്ലൂർ: എടവിലങ്ങിെൻറ തീരമേഖലയിൽ കോവിഡ് സമൂഹവ്യാപനം തടയാനുള്ള ആരോഗ്യവകുപ്പിെൻറ പ്രയത്നത്തിനെതിരെ മുൻ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ രംഗത്ത്. തീരമേഖലയിൽ ഏർപ്പടുത്തിയ കണ്ടെയിൻമെൻറ് സോൺ അശാസ്ത്രീയമാണെന്ന് ആരോപിച്ചാണ് പ്രദേശത്തെ 14ാം വാർഡ് അംഗം കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡൻറ് ഷാഫി രംഗത്തുവന്നത്.
ഷാഫി ഉയർത്തിയ പ്രതിഷേധത്തിന് പിറകെ ഞായറാഴ്ച രാത്രിയോടെ തീരഭാഗത്ത് റോഡുകളിൽ സ്ഥാപിച്ച ബ്ലോക്കുകളിൽ ഭൂരിപക്ഷവും ആളുകൾ മാറ്റുകയുണ്ടായി. 12ാം വാർഡിൽ ആർ.ആർ.പി സന്നദ്ധപ്രവർത്തകൻ കൈയേറ്റത്തിനും ഇരയായി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് റോഡുകൾ അടച്ചിട്ടത്. തീരഭാഗത്ത് 14ന് പുറമെ 1, 12, 13 വാർഡുകളും കണ്ടെയിൻമെൻറ് സോണാണ്. തീരവാർഡുകളിൽ മാത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കകം 11ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ അഞ്ചെണ്ണം ശനിയാഴചയാണ് സ്ഥിരീകരിച്ചത്. എല്ലാവർക്കും സമ്പർക്കത്തിലുടെയാണ് രോഗബാധ. 14ാം വാർഡിൽ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, ഉറവിടം അറിയാത്ത രോഗബാധിതനായ ഇയാളുടെ സമ്പർക്കപ്പട്ടികയിൽ അറുപതോളം പേരാണുളളത്. 13ാം വാർഡിൽ നിലവിൽ രോഗബാധിതർ ആരുമില്ലെങ്കിലും എസ്.എൻ പുരം, എറിയാട് പഞ്ചായത്തുകളിൽ കോവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ വരുന്ന പലരും ഇതേ വാർഡിലുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇൗ സാഹചര്യത്തിലും തീരപ്രദേശമായതിനാലുമാണ് ആരോഗ്യവകുപ്പ് കണ്ടെയിൻമെൻറ് ഏർപ്പെടുത്തിയതും ആൻറിജെൻ പരിശോധനക്ക് തയാറെടുപ്പ് തുടങ്ങിയതും. ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികളാണ് ഇവിടെ കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു.
കണ്ടെയിന്‍മെൻറ് സോണ്‍ ഒഴിവാക്കണമെന്ന്
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ കണ്ടെയിന്‍മെൻറ് സോണ്‍ ഒഴിവാക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ ആഴ്ചകളായി തുടരുന്ന കണ്ടെയിന്‍മെൻറ് സോണ്‍ വ്യാപാരികളേയും മറ്റ് എല്ലാത്തരം തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും പട്ടിണിയിലാക്കി.
കൂടിയാലോചനയില്ലാതെ പഞ്ചായത്ത് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഒരുവിധ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇടക്കിടെ കണ്ടെയിന്‍മെൻറ് സോണ്‍ പ്രഖ്യാപിക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു. ഇത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇതൊഴിവാക്കാന്‍ പഞ്ചായത്ത് അധികാരികള്‍ തയാറാവണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡൻറ് റഷീദ് പോനാക്കുഴി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ എം.ജി. അനില്‍കുമാര്‍, ടി.എം. ഷാഫി, പ്രസന്ന ശിവദാസന്‍, ജെയ്നി ജോഷി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.