ജീവനക്കാർക്ക് കോവിഡ്; കെ-റെയിൽ സാമൂഹിക ആഘാത പഠനം തുടങ്ങിയില്ല
text_fieldsതൃശൂർ: ബുധനാഴ്ച തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന സാമൂഹിക ആഘാത പഠനം കെ-റെയിൽ തുടങ്ങിയില്ല. കെ-റെയിൽ സംഘത്തിലെ അഞ്ചോ ആറോ ആളുകൾക്ക് കോവിഡ് ബാധിച്ചതിനാലാണിതെന്ന് അധികൃതർ അറിയിച്ചു. മാറ്റിവെച്ച സാമൂഹിക ആഘാത പഠനം അടുത്ത ആഴ്ച തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തേ പൂങ്കുന്നം മേഖലയിലാണ് സാമൂഹിക ആഘാത പഠനം തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് റവന്യൂ- സർവേ അധികൃതർ ഒരുക്കം തുടങ്ങിയിരുന്നു. കലക്ടർ എസ്.പിയെ അറിയിച്ചതിനെത്തുടർന്ന് പൊലീസും സജ്ജമായിരുന്നു. പ്രതിഷേധക്കാരെത്തിയാൽ അറസ്റ്റ് ചെയ്ത് നീക്കാനായിരുന്നു
നിർദേശം. 20ഓളം പേരടങ്ങുന്ന വിവിധ സംഘത്തെ നിശ്ചയിച്ച് നേരത്തേ സർവേ നിശ്ചയിച്ചതാണ് അവസാന നിമിഷം മാറ്റിയത്. കെ-റെയിൽ - സിൽവർ ലൈൻ വിരുദ്ധ സമര സമിതി സർവേ തടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തൃശൂര്‍, ചാലക്കുടി, കുന്നംകുളം, മുകുന്ദപുരം താലൂക്കുകളിലെ 36 വില്ലേജുകളിലാണ് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സാമൂഹികാഘാത പഠനം നടത്തുക. കേരള വളന്ററി ഹെല്‍ത്ത് സര്‍വിസ്, കോട്ടയം എന്ന സ്ഥാപനമാണ് പഠനം നടത്തി റിപ്പോര്‍ട്ട് സര്‍പ്പിക്കുക. പദ്ധതി ബാധിക്കുന്ന ഭൂമിയുടെ അളവ്, കുടുംബങ്ങളുടെ എണ്ണം, വീടുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പഠന വിധേയമാക്കുക.
ഏറ്റെടുക്കുന്ന ഭൂമി നിര്‍ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും തുടങ്ങിയ കാര്യങ്ങളും പഠനത്തിന്റെ ഭാഗമാണ്. 100 ദിവസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കും. തൃശൂര്‍ ജില്ലയില്‍ 36 വില്ലേജുകളിലായി 67 കിലോമീറ്ററിലാണ് പാത കടന്നു പോകുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍നിന്ന് 148.6745 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.