കോവിഡ് പരിശോധന: രോഗികളെ കൊള്ളയടിച്ച് വാഹനങ്ങൾ
text_fieldsതൃശൂർ: കോവിഡ് പരിശോധനക്കു കൊണ്ടുപോകാൻ തദ്ദേശ സ്ഥാപനങ്ങൾ ഏൽപ്പിക്കുന്ന വാഹനങ്ങൾ രോഗികളെ കൊള്ളയടിക്കുന്നു. നിലവിലെ വാടകയുടെ മൂന്നിരട്ടിയിൽ അധികം വാടകയായി വാങ്ങി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കഴുത്തറക്കുകയാണിവർ. താങ്ങാനാവാത്ത തുകയാണ് വാങ്ങുന്നത്. ലോക്ഡൗൺ കാലത്ത് പണിയില്ലാതെ, പണമില്ലാതെ ബുദ്ധിമുട്ടുേമ്പാഴാണ് ഭീകര തുക വാങ്ങുന്നത്.
കോവിഡ് രോഗികളെയും ക്വാറൻറീനിൽ കഴിയുന്നവരെയും കൊണ്ടുപോകാൻ അധിക വാഹനങ്ങളും ഒരുക്കമല്ല. ഈ സാഹചര്യത്തിൽ ഇതിന് തയാറാവുന്ന ചുരുക്കം ഡ്രൈവർമാർ വലിയ വാടക ഈടാക്കി കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയാണ്. തദ്ദേശസ്ഥാപനങ്ങളിലെ ഓരോ വാർഡുകളിലൂം ഇത്തരക്കാരെ നിയോഗിച്ചിട്ടുണ്ട്. ഈ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ഫോൺ നമ്പർ വാർഡ് അംഗങ്ങളും ആശാവർക്കർമാരുമാണ് കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും നൽകുന്നത്.
എന്നാൽ, ഇവർക്ക് എത്രയാണ് വാടക നൽകേണ്ടതെന്ന് തദ്ദേശസ്ഥാപനങ്ങൾ നിജപ്പെടുത്തിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ മുഖേന വരുന്ന വാഹനങ്ങൾ ആയതിനാൽ വാടക സംബന്ധിച്ച കാര്യത്തിൽ രോഗികളോ ബന്ധുക്കളോ ആദ്യമൊന്നും ചോദിക്കുകയുമില്ല. വീട്ടിൽ തിരിച്ചുകൊണ്ടാക്കി വാടക അന്വേഷിക്കുേമ്പാൾ ഞെട്ടുന്ന തുകയാണ് ഡ്രൈവർമാർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം എടത്തുരുത്തിയിലെ വീട്ടിൽനിന്ന് ചാമക്കാലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പരിശോധനക്ക് പോയ വ്യക്തിയിൽനിന്ന് 500 രൂപയാണ് ഈടാക്കിയത്. വെറും ഏഴ് കിലോമീറ്റർ യാത്രക്കാണ് ഇത്രയും തുക വാങ്ങിയത്.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് സർവിസ് നടത്തുന്ന വാഹനങ്ങളുടെ ഭീകരവാടകക്ക് എതിരെ പരാതി ഏറി വരുകയാണ്. എന്നാൽ, തങ്ങൾ നിസ്സഹായരാണെന്ന് കൈമലർത്തുകയാണ് തദ്ദേശ സ്ഥാപന അധികൃതർ. മറ്റുള്ള വാഹനങ്ങൾ വിളിച്ചാൽ വരാത്തതിനാൽ പറയുന്ന വാടക നൽകുകയല്ലാതെ നിർവാഹമില്ലെന്നാണ് അധികൃതരുടെ നിലപാട്. തങ്ങൾക്ക് വേണ്ടപ്പെട്ട ആളുകൾക്ക് മാത്രം ഇത്തരം സർവിസിന് അനുമതി നൽകുന്നെന്ന ആക്ഷേപവും ശക്തമാണ്.
കോവിഡ് ബാധിതരെ കൊണ്ടുപോകുന്നതിനാലും കോവിഡ് പരിശോധനക്ക് ഏറെ സമയം വേണ്ടി വരുന്നതിനാൽ വാഹനവുമായി ഡ്രൈവർമാർ കാത്തിരിക്കേണ്ടി വരുന്നതിനാലുമാണ് കൂടിയ തുകയെന്നാണ് ഈടാക്കുന്നവരുടെ വാദം. വാഹനങ്ങളിൽ ഡ്രൈവറുടെ സീറ്റിന് പിന്നാലെ പ്ലാസ്റ്റിക് ഷീറ്റുമറ അടക്കം പെരുമാറ്റച്ചട്ടങ്ങൾ സ്വീകരിച്ചാൽ ആർക്കും രോഗം പരക്കാതെ രോഗികളെ കൊണ്ടുപോകാനാവും. കഴുത്തറപ്പൻ വാടക വന്നതോടെ സന്നദ്ധ സംഘടനകൾ ഇത്തരക്കാരെ സൗജന്യമായി പരിശോധനക്കും ആശുപത്രിയിലും കൊണ്ടുപോകുന്നതിന് ഇടതടവില്ലാതെ സേവനം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.