കോവിഡ് രോഗിയെ കള്ളുഷാപ്പിന് മുന്നിൽനിന്ന് പൊക്കി; കേസെടുത്ത് കോവിഡ് കെയർ സെൻററിലാക്കി
text_fieldsപാവറട്ടി: കള്ളുഷാപ്പിലെത്തിയ കോവിഡ് രോഗിയെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സെക്ടറൽ മജിസ്ട്രേറ്റ് എത്തി കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് എതിരെ കോവിഡ് നിയമപ്രകാരം കേസെടുത്തു. വെങ്കിടങ്ങ് പഞ്ചായത്ത് 14ാം വാർഡ് കാളിയാക്കൽ കള്ളുഷാപ്പിലാണ് ശനിയാഴ്ച രാവിലെ കോവിഡ് പോസിറ്റിവായ മധ്യവയസ്കൻ എത്തിയത്.
നാട്ടുകാർ ചേർന്ന് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചെങ്കിലും ഉച്ചക്ക് ശേഷം വീണ്ടും എത്തിയപ്പോഴാണ് നാട്ടുകാർ ആരോഗ്യ വകുപ്പിനേയും സെക്ടറൽ മജിസ്ട്രേറ്റിനേയും വിവരമറിയിച്ചത്. അധികൃതരുടെ കണ്ണു വെട്ടിച്ച് കോവിഡ് രോഗികൾ പുറത്തിറങ്ങുന്നത് നിത്യസംഭവമാകുന്നുണ്ട്. മദ്യപിക്കാനെത്തുന്ന പലരും ഒരു പാത്രത്തിൽ മദ്യം വാങ്ങി അതിൽനിന്നുതന്നെ നിരവധി പേർ പങ്കിട്ട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ഇത് രോഗവ്യാപനം വേഗത്തിലാക്കുന്നു. വെള്ളിയാഴ്ച വെങ്കിടങ്ങ് പഞ്ചായത്തിലെ രോഗവ്യാപനം 50 ശതമാനത്തിലധികമായിരുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. വെങ്കിടങ് പഞ്ചായത്തിൽ 10 ദിവസത്തിനുള്ളിൽ 332 പുതിയ രോഗികളാണുണ്ടായത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത് 36 പേർക്കാണ്. 2021 ജൂലൈ 31 വരെ കോവിഡ് ബാധിച്ച് മരിച്ചത് 30 പേരാണ്. ഇതിൽ 27 പേർ ഈ വർഷവും മൂന്നുപേർ കഴിഞ്ഞ വർഷവുമാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.