കോവിഡ് പ്രതിരോധം; ജില്ല പൂർണ സജ്ജം
text_fieldsതൃശൂർ: തിരിച്ചുവരവിന് കോപ്പുകൂട്ടുന്ന കോവിഡിനെ തുരത്താൻ ജില്ല പൂർണസജ്ജം. നിലവിൽ പ്രതിദിനം രണ്ടക്കത്തിൽപോലും കോവിഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നില്ല. അതിനാൽ ഒരു ആശങ്കക്കും വകയില്ലെന്നാണ് ജില്ല ആരോഗ്യ വകുപ്പിന്റെ പ്രതികരണം. മുഖ്യമന്ത്രി നിർദേശിച്ച നിബന്ധനകൾ പാലിക്കുകയേ വേണ്ടൂ. ആളുകൾ കൂടുന്ന ആഘോഷവേളകളിൽ കരുതൽ വേണം. ഇത്തരം സന്ദർഭങ്ങളിൽ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കണം.
സർജിക് പ്ലാൻ റെഡി
നിലവിൽ കോവിഡ് രണ്ടക്കത്തിൽ പോലുമെത്താത്ത സാഹചര്യത്തിൽ ആശ്വാസം കണ്ടെത്തുന്നതിന് പകരം മുൻകരുതലുമായി ആരോഗ്യവകുപ്പ് തയാറാവുകയാണ്. രണ്ടക്കത്തിൽ എത്തുന്ന സമയം കൂടുതൽ നീക്കങ്ങൾ ഉണ്ടാവും. പ്രതിദിന ബാധ മൂന്നക്കത്തിൽ എത്തിയാൽ അതിനനുസരിച്ച നടപടികളും റെഡിയാണ്. ഈ ഘട്ടങ്ങളിൽ മികച്ച പ്രതിരോധം തീർക്കാൻ സർജിക് പ്ലാൻ തയാറായിക്കഴിഞ്ഞു. നേരേത്ത വിവിധ ഘട്ടങ്ങളിൽ വന്ന വ്യാപനതോതിന് അനുസരിച്ച പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇവയിലുണ്ടായ പാളിച്ചകളും വിലയിരുത്തിയാണ് ആസൂത്രണം.
ആശുപത്രികളിൽ ഐസൊലേഷൻ ബെഡ് ഒരുക്കി
ജില്ലയിൽ കോവിഡ് ബാധിതരുടെ പരിചരണത്തിന് പ്രധാന സർക്കാർ ആശുപത്രികളിൽ രണ്ടുവീതം ഐസൊലേഷൻ കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ മറ്റു ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരാണ് ഇവ ഉപയോഗിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ജില്ല വികസന സമിതി യോഗത്തിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട അവലോകനത്തിലുള്ള തീരുമാനമാണ് നടപ്പാക്കിയത്. ഇനിയും ചില മേഖലകളിൽ ഇവ ഒരുക്കേണ്ടതുണ്ട്.
ആഘോഷങ്ങൾക്ക് പിന്നാലെ ജാഗ്രത
ആഘോഷവേളകൾക്ക് പിന്നാലെ കരുതിയിരിപ്പിലാണ് ജില്ല ആരോഗ്യ വകുപ്പ് അധികൃതർ. ക്രിസ്മസും പുതുവത്സരാഘോഷവും കഴിഞ്ഞതിന് പിന്നാലെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഒരാഴ്ചക്കുശേഷം അടയാളങ്ങൾ പ്രകടമാവും. അതേസമയം, ഇതുവരെ പ്രതിദിന കോവിഡ് ബാധ കൂടിയിട്ടില്ല.
രാത്രിയിലും പുലർച്ചയും മഞ്ഞും പകൽ ചൂടും പുഴുക്കുമുള്ള അന്തരീക്ഷം പനിയും ജലദോഷവും ഉണ്ടാക്കുന്നുണ്ട്. എന്നാലിത് കൂടുതൽ അപകടകാരിയല്ല. സ്കൂൾ തുറക്കുന്നതോടെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന നിഗമനവും അധികൃതർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.