തൃശൂർ മൃഗശാലയിൽ ചത്ത പുള്ളിപ്പുലിക്ക് കോവിഡ് പരിശോധന
text_fieldsതൃശൂർ: മൃഗശാലയിലെ പുള്ളിപ്പുലി ഗംഗ ചത്തത് കോവിഡ് ബാധയെ തുടർന്നാണോയെന്ന സംശയത്തിൽ ജഡപരിശോധന നടത്തിയത് വിദഗ്ധ സംഘം. മൃഗശാലയിലെ വെറ്ററിനറി സർജൻ ബിനോയ് സി. ബാബുവിന് പുറമെ വെറ്ററിനറി സർജന്മാരായ ഡോ. സുനിൽ, ഡോ. ഡേവിഡ് എന്നിവരും ചേർന്നാണ് മൃതദേഹ പരിശോധന നടത്തിയത്.
പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. കോവിഡ് പരിശോധനക്കായി സ്രവവും ആന്തരികാവയവങ്ങളുടെ സാമ്പിളും ശേഖരിച്ചു. കോവിഡ് ലക്ഷണങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അധികൃതർ പറഞ്ഞത്. മെഡിക്കൽ സംഘത്തിന് പുറമെ കോർപറേഷൻ ഡിവിഷൻ കൗൺസിലർ കെ. മഹേഷ്, ഡി. എഫ്.ഒ ജയശങ്കർ, കെ.എഫ്.ആർ.ഐ മുൻ ഡയറക്ടർ ഡോ. ഈസ എന്നിവർ ഉൾപ്പെടെ പ്രത്യേക സമിതിയും മൃതദേഹ പരിശോധനയിൽ പങ്കെടുത്തു. എട്ടുവയസ്സ് മാത്രമുള്ള പുലി, നേരത്തേ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരിക്കെ മൂന്നുദിവസം ഭക്ഷണം കഴിക്കാതെയുള്ള അവശതയെ തുടർന്നാണ് ചൊവ്വാഴ്ച രാത്രിയിൽ ചത്തത്. ഈ സാഹചര്യത്തിലാണ് വിശദ പരിശോധന നടത്താൻ തീരുമാനിച്ചത്.
2012ൽ വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയപ്പോൾ പിടിയിലായ പുലിയെ തൃശൂർ മൃഗശാലയിൽ കൊണ്ടുവന്നിരുന്നു. അന്ന് ഗർഭിണിയായിരുന്ന പുലി പ്രസവിച്ച കുട്ടിയാണ് ഗംഗ. പ്രസവത്തോടെ തള്ളപ്പുലി ചത്തു. തൃശൂർ മൃഗശാലയിൽ ജനിച്ച് വളർന്നതിനാൽ ജീവനക്കാരുമായി ഏറെ ഇണക്കമായിരുന്നു.
ജീവനക്കാരെ ശരീരത്തിൽ തൊടാൻ അനുവദിച്ചിരുന്ന ഏക മൃഗവും ഗംഗയായിരുന്നു. ഗംഗയെ പരിചരിച്ചിരുന്നവരിൽ മൂന്നുപേർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിലും രോഗം ഭേദമായി ഇവർ ജോലിയിൽ പ്രവേശിച്ചിട്ട് ഏറെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.