കോവിഡ് വാക്സിൻ വിവാദം; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsഎരുമപ്പെട്ടി: റോഡരികിലെ വർക്ക്ഷോപ്പിൽ കോവിഡ് വാക്സിൻ നൽകിയെന്ന സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിെൻറ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് വാക്സിനേഷൻ നടന്നതായി പറയുന്നത്. എരുമപ്പെട്ടി കടങ്ങോട് റോഡ് സെൻററിലുള്ള വ്യാപാരിയുടെ കെട്ടിടത്തിലെ വർക്ക്ഷോപ്പിൽ അനധികൃത വാക്സിനേഷൻ ക്യാമ്പ് നടത്തിയതായാണ് പരാതി. ആരോഗ്യവകുപ്പ് അറിയാതെ നിയമവിരുദ്ധമായി നടത്തിയ ക്യാമ്പിൽ ഇരുപത്തഞ്ചോളം പേർ വാക്സിൻ സ്വീകരിച്ചതായി പറയുന്നു. ഒരു ഡോസിന് 1200 രൂപ ഈടാക്കിയതായും ആരോപണമുണ്ട്. വാക്സിനേഷനെ കുറിച്ച് എരുമപ്പെട്ടി വ്യാപാരി വ്യവസായി ഗ്രൂപ്പിൽ സന്ദേശം പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
തൃശൂർ ഡി.എം.ഒക്ക് പരാതി ലഭിച്ചതിനെ തുടർന്ന് എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഇ. സുഷമയുടേയും ഹെൽത്ത് ഇൻസ്പെക്ടർ കെ. സുധിയുടെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചങ്ങരംകുളത്തെ ആശുപത്രിയുടെ ആംബുലൻസ് സ്ഥലത്ത് വന്നതായി അറിഞ്ഞതിനെ തുടർന്ന് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് സൂപ്രണ്ട് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി. അതേസമയം, വിഷയത്തിൽ ബി.ജെ.പിയും യുവമോർച്ചയും രംഗത്തിറങ്ങി. കേന്ദ്ര -സംസ്ഥാന ആരോഗ്യ മന്ത്രിമാർക്കും തൃശൂർ ഡി.എം.ഒ അടക്കമുള്ള ആരോഗ്യ വകുപ്പ് അധികൃതർക്കും എരുമപ്പെട്ടി പൊലീസിലും യുവമോർച്ച മണ്ഡലം പ്രസിഡൻറ് കെ. രാജേഷ്കുമാർ പരാതി നൽകി.
എന്നാൽ, ഇത്തരത്തിൽ വാക്സിനേഷൻ നടന്നിട്ടില്ലെന്ന് കെട്ടിട ഉടമയായ വ്യാപാരി ചുങ്കത്ത് ഡെന്നി അറിയിച്ചു. ഈ മാസം അഞ്ചിന് വാക്സിനേഷൻ ക്യാമ്പ് നടത്താൻ തീരുമാനമുണ്ടായിരുന്നു.
ഇതു സംബന്ധിച്ച അറിയിപ്പാണ് എരുമപ്പെട്ടി വ്യാപാരി വ്യവസായി വാട്സ്ആപ് ഗ്രൂപ്പിൽ നൽകിയിരുന്നതെന്നും ആരോഗ്യ വകുപ്പിൽ നിന്ന് അനുമതി ലഭിക്കാതിരുന്നതിനാൽ ക്യാമ്പ് മാറ്റിവെക്കുകയായിരുന്നുവെന്നും ഡെന്നി അറിയിച്ചു. ഇതു സംബന്ധിച്ച് എരുമപ്പെട്ടി പൊലീസിലും ഡെന്നി വിശദീകരണം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.