സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു
text_fieldsഅന്തിക്കാട്: പഴുവിലിൽ വീണ്ടും ഗുണ്ടാ ആക്രമണം. പകൽ സമയത്ത് ബൈക്കിൽ മാരകായുധങ്ങളുമായി എത്തിയ സംഘം സി.പി.ഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ജനൽ ചില്ലുകളും ഫർണിച്ചറും അടിച്ചു തകർത്തു. തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം.
തുടർന്ന് അക്രമികൾ സമീപത്തെ പഴുവിൽ സുബ്രഹ്മണ്യ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.എ. ദേവീദാസിന്റെ വീടിന് നേരെയും ആക്രമണം നടത്തി. ജനൽ ചില്ലുകളും വാതിലുകളും അടിച്ചു തകർത്ത സംഘം മുറ്റത്ത് പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങളും കേടുവരുത്തി. ഈ സമയം ദേവിദാസിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പഴുവം ദേവസ്വം ഓഫിസിലും അക്രമി സംഘം എത്തി. ദേവസ്വം ഓഫിസറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം സി.പി.ഐ കുറുമ്പിലാവ് ലോക്കൽ സെക്രട്ടറി എ.ബി. ജയപ്രകാശിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. പഴുവിൽ ഷഷ്ഠി ആഘോഷത്തിനിടയിൽ ക്ഷേത്രത്തിനകത്ത് കയറിയും യുവാവ് കൊലവിളി നടത്തിയിരുന്നു. ആൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സർവകക്ഷി യോഗം പ്രമേയം പാസാക്കി.
പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി ആഘോഷത്തിനിടയിൽ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ആഘോഷ കമ്മിറ്റി അംഗങ്ങളെയും ക്ഷേത്രം ജീവനക്കാരെയും ക്ഷേത്രത്തിനകത്ത് കയറി ആക്രമിക്കാൻ ശ്രമിക്കുകയും മാരകായുധവുമായി ഭീഷണി മുഴക്കുകയും ദേവസ്വം ഓഫിസിൽ കിടന്നിരുന്ന ഫർണിച്ചർ തകർക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അന്തിക്കാട് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ശക്തമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേർന്നത്. ആക്രമണം നടത്തിയ ആൾ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇതി് പിറകെയാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഗുണ്ടാ സംഘം ജയപ്രകാശിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. പിന്നാലെയാണ് സി.പി.ഐ ഓഫിസും അടിച്ചു തകർത്തത്.
സംഭവം അറിഞ്ഞ് സി.പി.ഐ നേതാക്കൾ ഓഫിസ് സന്ദർശിച്ചു. ലോക്കല്‍ കമ്മിറ്റി ഓഫിസ് തകര്‍ത്ത ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു. ലഹരിമാഫിയ-ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച കുറുമ്പിലാവ് ലോക്കല്‍ കമ്മിറ്റി ഓഫിസും ലോക്കല്‍ സെക്രട്ടറിയുടെ വസതിയും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.എസ്. സുനില്‍കുമാര്‍, ചേര്‍പ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകന്, നാട്ടിക മണ്ഡലം സെക്രട്ടറി സി.ആര്. മുരളീധരന്, ജില്ല കൗണ്‍സില്‍ അംഗം കെ.എം. ജയദേവന്, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.