സി.പി.എം ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയും ഇന്ന്
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയും ശനിയാഴ്ച ചേരും. പതിവ് സെക്രട്ടേറിയറ്റ് ആണെങ്കിലും ഇതിനുശേഷം ജില്ല കമ്മിറ്റി യോഗവും ചേരുന്നുണ്ട്. ഇക്കഴിഞ്ഞ 14ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു പങ്കെടുത്ത് ജില്ല കമ്മിറ്റി യോഗം ചേർന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നശേഷമുള്ള ആദ്യ യോഗം കൂടിയാണ് ശനിയാഴ്ചയിലേത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സ്ഥാനാർഥി സാധ്യതകളുമാണ് ചർച്ചക്കുള്ളത്. ആലത്തൂരിലും ചാലക്കുടിയിലും ജില്ലയുടെ നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറി.
ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ, യു. പ്രദീപ്, ചാലക്കുടിയിൽ മുൻ മന്ത്രി സി. രവീന്ദ്രനാഥ്, മുൻ എം.എൽ.എ ബി.ഡി. ദേവസി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് എന്നിവരുടെ പേരുകളാണ് നൽകിയത്. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ താൻ മത്സരിക്കാനില്ലെന്ന് കെ. രാധാകൃഷ്ണൻ അറിയിച്ചിട്ടുണ്ടെങ്കിലും പാർട്ടി രാധാകൃഷ്ണനിലാണ് നിൽക്കുന്നത്.
ചാലക്കുടിയിൽ രവീന്ദ്രനാഥിനാണ് മുൻഗണന. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ അറിയിച്ച് മത്സരിക്കാനില്ലെന്ന് രവീന്ദ്രനാഥും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ എം. സ്വരാജിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന.
തൃശൂരിൽ വി.എസ്. സുനിൽകുമാർ തന്നെയാണ് സ്ഥാനാർഥിയെന്ന് സി.പി.ഐയിൽ തത്വത്തിൽ ധാരണയായിട്ടുണ്ട്. കുടുംബയോഗങ്ങളിലടക്കം പങ്കെടുത്ത് തുടങ്ങുകയും ചെയ്തു. നേരത്തെ പ്രവർത്തനം തുടങ്ങിയ സുരേഷ്ഗോപി സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനാൽ പ്രചാരണരംഗത്തുനിന്ന് അൽപം പിന്നാക്കം പോയിട്ടുണ്ട്. ഇതിനിടെ പ്രാദേശിക തലത്തിൽ നിന്നുള്ള വിവരങ്ങൾ ജില്ല കമ്മിറ്റി ശേഖരിച്ചു.
പ്രതികൂല രാഷ്ട്രീയ സാഹചര്യമാണെങ്കിലും മണ്ഡലങ്ങൾ പിടിച്ചെടുക്കാനാവുമെന്നാണ് വിലയിരുത്തൽ. നവകേരള സദസിന്റെ ഭാഗമായ പ്രവർത്തനങ്ങളുടെ തുടർച്ച ഇപ്പോൾ ബൂത്ത്തലത്തിൽ നടക്കുന്നുണ്ട്. 2020ലെയും 2021ലെയും വോട്ട് നിലയനുസരിച്ച് ഇടതുപക്ഷത്തിന് മുൻതൂക്കമാണ്. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളും ഇടതിനൊപ്പമാണ്.
2009 മുതൽ ബി.ജെ.പിക്ക് വോട്ട് വർധിക്കുന്നതാണ് സാഹചര്യം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമാണ് സാമുദായിക സമവാക്യങ്ങൾ. പുതിയ തലമുറ വോട്ടുകൾ നിർണായകമാണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.